രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ ബിജെപി പൊട്ടി: മുസ്ലീം സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ് വര്‍ഗീയ കാര്‍ഡിറക്കിയിട്ടും ഐക്യ പ്രതിപക്ഷത്തിനു മിന്നും ജയം

single-img
31 May 2018

രാജ്യത്ത് നടന്ന ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കിയ ഉത്തര്‍പ്രദേശിലെ കൈറാനയില്‍ 42,000 വോട്ടിനാണ് ബിജെപി തോറ്റത്. ഇവിടെ സമാജ്വാദി പാര്‍ട്ടി രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥി തബസ്സും ബീഗമാണ് വിജയിച്ചത്.

ബി.ജെ.പിയുടെ മ്രിഗാങ്ക സിങ്ങിന് ആദ്യ ഘട്ടത്തില്‍ കിട്ടിയ മുന്തൂക്കം നഷ്ടമാവുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ വന്നതിന് ശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് പരാജയം നേരിടുന്നത്.

ഖൊരഗ്പൂരിലായിരുന്നു ആദ്യ തിരിച്ചടി. വിജയത്തിന് പിന്നാലെ തന്നെ പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തബസ്സും ബീഗം നന്ദി പറഞ്ഞു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കയ്‌റാനയില്‍ എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ്, ആര്‍.എം.പി എന്നീ കക്ഷികള്‍ ഒന്നിച്ചാണ് മല്‍സരിച്ചത്. ഗൊരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഉണ്ടായ ഐക്യം യുപിയില്‍ നിലനിര്‍ത്താനായതാണ് പ്രതിപക്ഷകക്ഷികളുടെ വിജയത്തിനു കാരണമായത്.

ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ (ബിഎസ്പി) മുന്‍ എംപിയായിരുന്നു തബസം ബീഗം (47). സമാജ്‌വാദ് പാര്‍ട്ടിയിലായിരുന്ന തബസം ബീഗം മല്‍സരിച്ചത് പക്ഷേ, രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) ചിഹ്നത്തിലായിരുന്നു. ഈ മാസം അഞ്ചിനാണ് അവര്‍ ആര്‍എല്‍ഡിയില്‍ ചേര്‍ന്നത്.

കഴിഞ്ഞയാഴ്ച സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവും ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയും തമ്മില്‍ നടന്ന മൂന്നുമണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവിലാണു ഇവരുടെ പൊതു സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ധാരണയായത്.

നാമനിര്‍ദേശപത്രിക നല്‍കിയശേഷം തബസം ബീഗം പങ്കെടുത്ത പൊതുസമ്മേളനത്തില്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചെത്തി. ഈ സീറ്റില്‍നിന്ന് മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങ്ങിന്റെ കൊച്ചുമകനും അജിത് സിങ്ങിന്റെ മകനുമായ ജയന്ത് ചൗധരി മല്‍സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്.

എന്നാല്‍ കൂട്ടുകക്ഷി രാഷ്ട്രീയതന്ത്രങ്ങള്‍ മുന്‍നിര്‍ത്തിയാണു തബസത്തിനു നറുക്കുവീണത്. എസ്പി മുന്‍ എംപിയായ മുനവര്‍ ഹസന്റെ ഭാര്യയാണു തബസം. ഇവരുടെ മകന്‍ നഹിദ് ഹസന്‍ എസ്പി എംഎല്‍എയും. എസ്പി, ബിഎസ്!പി ബന്ധങ്ങളുള്ള തബസത്തിനു ഭൂരിപക്ഷമായ ജാട്ടുകളുടെ വോട്ടുകള്‍ ഉറപ്പാക്കാനാണ് ആര്‍എല്‍ഡി ചിഹ്നത്തില്‍ മല്‍സരിപ്പിച്ചത്.