ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

single-img
31 May 2018

നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും പിന്നിലേക്ക്. തുടക്കത്തില്‍ നാലു മണ്ഡലങ്ങളിലും ലീഡു നേടിയ ബിജെപിയെ ഞെട്ടിച്ച് ഉത്തര്‍പ്രദേശിലെ കയ്‌റാനയിലും മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ഡിയയിലും പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ മുന്നിലെത്തി.

കയ്‌റാനയില്‍ സമാജ്‌വാദി പാര്‍ട്ടി–രാഷ്ട്രീയ ലോക്ദള്‍ സംയുക്ത സ്ഥാനാര്‍ഥിയുടെ ലീഡ് 10,000 കവിഞ്ഞു. ഭണ്ഡാര–ഗോണ്ഡിയയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ച എന്‍സിപി സ്ഥാനാര്‍ഥിയും ബിജെപിയെ മറികടന്ന് മുന്നിലെത്തി.

അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ഇവിടെ ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് ബിജെപി ലീഡു നിലനിര്‍ത്തുന്നത്. നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ സീറ്റിലും ബിജെപി സഖ്യത്തില്‍ മല്‍സരിക്കുന്ന എന്‍ഡിപിപി സ്ഥാനാര്‍ഥി മുന്നിലാണ്.

ഉപതെരഞ്ഞെടുപ്പ് നടന്ന 11 നിയമസഭാ സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും 1 സീറ്റ് ബിജെപിക്കും ലഭിച്ചു. ആറ് സീറ്റുകളില്‍ വിജയം മറ്റ് പാര്‍ട്ടികള്‍ക്കാണ്. കര്‍ണാടകയിലെ ആര്‍ ആര്‍ നഗര്‍ അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍.

ബീഹാറിലെ ജോകിഹട്ട് അസംബ്ലി സീറ്റില്‍ ജെഡിയുവാണ് മുന്നിട്ടു നില്‍ക്കുന്നത്. കൈരാന, ബന്ദാര ഗോണ്ഡിയ ലോക്‌സഭ സീറ്റുകളില്‍ ബിജെപി പിന്നില്‍. ഉത്തര്‍പ്രദേശിലെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലും ബിജെപി പിന്തള്ളപ്പെട്ടു.

സമാജ് വാദി പാര്‍ട്ടിയാണ് ഇവിടെ മുന്നില്‍. മേഘാലയയിലെ അംപട്ടി അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. പാഞ്ചാബിലെ ഷാകോട്ട് അസംബ്ലി സീറ്റിലും കോണ്‍ഗ്രസ്സാണ് മുന്നില്‍. ഉത്തരാഖണ്ഡിലെ തരാലി അസംബ്ലി സീറ്റില്‍ ബിജെപി മുന്നിലാണ്.

പശ്ചിമ ബംഗാളിലെ മഹേഷ തല അസംബ്ലി സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. ഝാര്‍ഖണ്ഡിലെ സില്ലിയില്‍ എഐഎസ്‌യുവും ഗോമിയയില്‍ ജെഎംഎം സ്ഥാനാര്‍ത്ഥിയും മുന്നില്‍.