ചെങ്ങന്നൂരിലേത് വര്‍ഗീയ കാര്‍ഡിറക്കി നേടിയ വിജയമെന്ന് ചെന്നിത്തല: കേരളത്തിലും ഇന്ത്യയിലും ബിജെപി യുഗം അവസാനിച്ചെന്ന് കുഞ്ഞാലിക്കുട്ടി

single-img
31 May 2018

തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വിജയം വര്‍ഗീയ കാര്‍ഡിറക്കി നേടിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചെങ്ങന്നൂരിലെ തോല്‍വിയെ കുറിച്ച് പരിശോധിക്കും. വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകുകയെന്നതാണ് രീതി.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഐക്യത്തോടെയും കൂട്ടുത്തരവാദിത്വത്തോടെയുമാണ് പ്രവര്‍ത്തിച്ചത്. ഒരു അപശബ്ദം പോലും മുന്നണിയില്‍ ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ചെങ്ങന്നൂരിലെ തോല്‍വിയുടെ കാരണം യുഡിഎഫ് പരിശോധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. കെ എം മാണി അല്‍പ്പം മുമ്പേ യുഡിഎഫില്‍ തിരിച്ചെത്തണമായിരുന്നു. മണ്ഡലത്തില്‍ ബിജെപി തകര്‍ന്നടിഞ്ഞു. കേരളത്തിലും ഇന്ത്യയിലും ബിജെപി യുഗം അവസാനിച്ചെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.