ബിജെപി എട്ടുനിലയില്‍ പൊട്ടി: കര്‍ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം

single-img
31 May 2018

ബംഗളൂരു: തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന ബംഗളൂരു ആര്‍.ആര്‍ നഗര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. 80,282 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ മുനിരത്‌ന വിജയിച്ചു. പത്താം റൗണ്ട് വോട്ടെണ്ണലും പൂര്‍ത്തിയായതോടെ 46,218 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുനിരത്‌ന നേടിയത്.

34,064 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ഥിയായ തുളസി മുനിരാജു ഗൗഡയാണ് രണ്ടാമത്. ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.എച്ച്. രാമചന്ദ്രക്ക് 23,526 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് – ജനതാദള്‍(എസ്) സഖ്യം ഭരിക്കുന്ന കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളിലൊന്നാണ് ആര്‍.ആര്‍ നഗര്‍ (രാജരാജേശ്വരി നഗര്‍).

വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് ആര്‍.ആര്‍. നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്. എം.എല്‍.എ ന്യാമഗൗഡയുടെ മരണത്തോടെ സര്‍ക്കാറിന്റെ ഭൂരിപക്ഷം 116 ആയി കുറഞ്ഞിട്ടുണ്ട്.

104 സീറ്റാണ് ബി.ജെ.പിക്കുള്ളത്. 77 സീറ്റ് കോണ്‍ഗ്രസിനും 37 സീറ്റ് ജെ.ഡിഎസിനുമുണ്ട്. രണ്ട് സ്വതന്ത്രരുടെ പിന്തുണയും സര്‍ക്കാറിനാണ്. എന്തായാലും ആര്‍.ആര്‍. നഗര്‍ സീറ്റുകൂടി നേടിയതോടെ സഖ്യസര്‍ക്കാരിന്റെ അംഗബലം 117 ആയി ഉയരും.