നിപ്പ: ‘പ്രാര്‍ഥന ഫലിച്ചെ’ന്ന് ആരോഗ്യവകുപ്പ്; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് പേജ് അഡ്മിന്‍ രാജിവെച്ചു

single-img
30 May 2018

തിരുവനന്തപുരം: നിപ്പ വൈറസ് പരിശോധനയ്ക്കായി അയച്ച സാംപിളുകളില്‍ ഒന്നു പോലും പോസിറ്റീവ് ആകാത്തതു ‘പ്രാര്‍ഥന ഫലിച്ചതു’ കൊണ്ടാണെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പോസ്റ്റ്. സംഗതി വിവാദമായതോടെ ഇന്നലെ രാത്രി തന്നെ പോസ്റ്റ് മുക്കി വകുപ്പ് തടിയൂരി.

രാവിലെ മുതല്‍ ട്രോളുകള്‍ പരന്നതോടെ പേജ് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. പേജ് മാനേജ് ചെയ്തിരുന്നയാള്‍ അത് തുടരാനാവില്ലെന്ന് അറിയിച്ചതോടെയാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം മരവിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഇതേ പേജിലൂടെ വിശദീകരണവുമായി രംഗത്തെത്തി.

പുതിയ അഡ്മിനെ നിയോഗിച്ച ശേഷം മാത്രമേ പേജിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കൂ എന്നാണ് അറിയിപ്പ്. നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട അശാസ്ത്രീയ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്തു വന്ന ആരോഗ്യ വകുപ്പിന്റെ ഫെയ്‌സ്ബുക് പേജില്‍ തന്നെ ഇത്തരമൊരു പോസ്റ്റ് വന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്.

നിപ്പ വൈറസ് പനി ബാധിച്ച് മരിച്ച ചെമ്പനോട സ്വദേശിയായ നഴ്‌സ് ലിനിയുടെ മകളുടെ ടെസ്റ്റ് നെഗറ്റീവ് ആയത് ഏറെ ആശ്വസം നല്‍കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ: ‘ഇന്നും ഒരു കേസും പോസിറ്റീവ് ആയില്ല. ഏറ്റവും ആശ്വാസമായത് ലിനി സിസ്റ്ററിന്റെ കുട്ടികളുടെ ടെസ്റ്റ് നെഗറ്റീവ് ആയതാണ്. പനി ബാധിച്ച് ഇന്നലെ ആശുപത്രിയിലായതു മുതല്‍ അതറിഞ്ഞ എല്ലാവരും പ്രാര്‍ഥിച്ചിരുന്നു. പ്രാര്‍ഥന ഫലിച്ചു.