ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനു മുന്‍തൂക്കമെന്ന് സര്‍വേ: വോട്ടെണ്ണല്‍ നാളെ

single-img
30 May 2018

മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കൊളേജിലാണ് വോട്ടെണ്ണല്‍. പ്രധാനപ്പെട്ട മൂന്ന് സ്ഥാനാര്‍ത്ഥികളും തികഞ്ഞ വിജയ പ്രതീക്ഷയാണ് ഇപ്പോഴും പങ്ക് വെയ്ക്കുന്നത്.

199340 വോട്ടര്‍മാരില്‍ 152035 പേര്‍ വോട്ട് ചെയ്തു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പോളിങ്ങ് ചെങ്ങന്നൂര്‍ രേഖപ്പെടുത്തി, 76.26 ശതമാനം. പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കൊളേജില്‍ നാളെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആകെ 164 ബൂത്തുകള്‍. ഒരു റൌണ്ടില്‍ 14 ടേബിളുകളിലായി 12 റൌണ്ടായിട്ടാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 8.30 ഓടുകൂടി ആദ്യ ഫലസൂചനകള്‍ പുറത്ത് വരും. 12 മണിയോടെ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്.

അതിനിടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്‍തൂക്കമെന്ന് സര്‍വേ. കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പിലെ സര്‍വേ റിസര്‍ച്ച് സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഗവണ്‍മെന്റ് ഓഫ് കേരളയുടെ സഹായത്തോടെ മെയ് 18, 19, 20 തീയതികളിലാണു ചെങ്ങന്നൂരില്‍ സര്‍വേ നടത്തിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്നും എല്‍ഡിഎഫിന്റെ ജനപ്രതിനിധിയാണു മണ്ഡലത്തിനു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്‌തെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശരാശരിയാണെന്ന് 38.4% പേര്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റം അക്രമ രാഷ്ട്രീയം എന്നിവയാണു ചെങ്ങന്നൂരിലെ പ്രധാന പ്രചാരണ വിഷയങ്ങളായി ജനം കണ്ടത്

ചെങ്ങന്നൂരിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമുള്ള 23 കേന്ദ്രങ്ങളിലാണ് സര്‍വേ നടത്തിയത്. 343 പുരുഷന്‍മാരും 337 സ്ത്രീകളും അടക്കം 680 സമ്മതിദായകര്‍ സര്‍വേയില്‍ പങ്കെടുത്തു. 23 ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദു മതത്തില്‍നിന്ന് 407പേരും മുസ്ലീം മതത്തില്‍നിന്ന് 43പേരും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 230പേരും സര്‍വേയില്‍ പങ്കെടുത്തു.