ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കെവിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന നിഗമനത്തില്‍ പൊലീസ്; കേസില്‍ എ.എസ്.ഐ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു

single-img
30 May 2018

കെവിന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഗാന്ധിനഗര്‍ എ.എസ്.ഐയെ ഐ.ജി വിജയ് സാഖറെ സസ്‌പെന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുമായി ബിജു ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.

മാത്രമല്ല, ഞായറാഴ്ച രാത്രി കോട്ടയത്ത് പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ മൂന്നു കാറുകളിലെത്തിയ സംഘത്തെ കോട്ടയത്തുവച്ച് ഞായറാഴ്ച അര്‍ദ്ധരാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കല്യാണവീട്ടിലേക്കുള്ള വഴിതെറ്റി വന്നതാണെന്ന് ഇവര്‍ പറഞ്ഞെങ്കിലും പൊലീസ് എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും വാങ്ങി പകര്‍പ്പുകളെടുത്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. അതേസമയം കേസില്‍ മുഴുവന്‍ പ്രതികളും ഇന്ന് പിടിയിലാകുമെന്ന് പൊലീസ്.

കെവിന്റെ മാതാവ് രഹനയേയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തും. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം കെവിനെ മുക്കിക്കൊന്നതാണോ എന്ന് പൊലീസ് അന്വേഷിക്കും. ഇതിനുള്ള സാഹചര്യത്തെളിവുകളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കെവിന്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ ആദ്യ നിഗമനം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത്.

കേസിലെ മുഖ്യപ്രതികളുടെ അറസ്റ്റോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. മൃതദേഹത്തില്‍ നിരവധി പരുക്കുകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് വിവരം. അന്തിമറിപ്പോര്‍ട്ട് ആന്തരികാവയവ പരിശോധനയ്ക്കുശേഷമേ തയ്യാറാകൂ.

മര്‍ദ്ദിച്ച ശേഷം തോട്ടിലേക്ക് തള്ളിയിട്ടതാണോ എന്നതാണ് ഉയരുന്ന മറ്റൊരു സംശയം. അതുമല്ലെങ്കില്‍ മര്‍ദ്ദിച്ച് അവശനായ കെവിന്‍ രക്ഷപ്പെടുന്നതിനിടെ തോട്ടില്‍ വീണതാണോ എന്ന സംശയവും ഉയരുന്നു. കെവിന് നീന്തല്‍ അറിയില്ലെന്ന് ഇന്നലെ തന്നെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞിരുന്നു.