ജാഗ്രത പാലിക്കാന്‍ നിര്‍ദേശം: കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തി

single-img
29 May 2018

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രവചിച്ചിരുന്നതിലും ഒരു ദിവസം മമ്പാണ് കാലവര്‍ഷം എത്തിയത്. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളോട് ജാഗ്രത പാലിക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിനും സാദ്ധ്യതയുണ്ട്. എല്‍നിനോ പ്രതിഭാസത്തിന്റെ ഭീഷണി ഒഴിഞ്ഞതോടെ ഈ വര്‍ഷം കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ആന്‍ഡമാന്‍ ദ്വീപുകളില്‍ കഴിഞ്ഞ ഞായറാഴ്ച തന്നെ കാലവര്‍ഷം എത്തിയിരുന്നു.

അതിനിടെ ശക്തമായ ഇടിമിന്നലിലും കൊടുങ്കാറ്റിലും ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 40 പേര്‍ മരിച്ചു. ബീഹാറില്‍ 16, ജാര്‍ഖണ്ഡില്‍ 12, ഉത്തര്‍പ്രദേശില്‍ 14 എന്നിങ്ങനെയാണ് മരണസംഖ്യ.

ജാര്‍ഖണ്ഡില്‍ 28 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ നാലുപേര്‍ക്കും ഇടിമിന്നലേറ്റ് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈമാസമാദ്യം ഉണ്ടായ പൊടിക്കാറ്റിലും കൊടുങ്കാറ്റിലും 170 പേര്‍ മരിച്ചിരുന്നു.