കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു; കുമ്മനത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധം

single-img
29 May 2018

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ 23ാം ഗവര്‍ണറും രണ്ടാം മലയാളി ഗവര്‍ണറുമാണ് കുമ്മനം രാജശേഖരന്‍. 2011 മുതല്‍ 2014 വരെ വക്കം പുരുഷോത്തമന്‍ ഇവിടെ ഗവര്‍ണറായിരുന്നു.

അതേസമയം പുതിയ പദവിയിലേക്ക് കടക്കുന്നതിന് മുമ്പേ കുമ്മനത്തിനെതിരെ മിസോറാമില്‍ പ്രതിഷേധം.
പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഐഡന്റിറ്റി സ്റ്റാറ്റസ് ഓഫ് മിസോറാം (പി.ആര്‍.ഐ.എസ്.എം), ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നീ സംഘടനകളാണ് കുമ്മനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

കുമ്മനം മിസോറാമിന് ചേര്‍ന്ന ഗവര്‍ണറല്ലെന്നും അദ്ദേഹം ആര്‍.എസ്.എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും സജീവ പ്രവര്‍ത്തകനാണെന്നും പി.ആര്‍.ഐ.എസ്.എം ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രാജശേഖരനെ മാറ്റി ഭേദപ്പെട്ട മനസുള്ള ഒരാളെ ഗവര്‍ണറാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടമുറപ്പിക്കാന്‍ യത്‌നിക്കുന്ന ബി.ജെ.പി.ക്ക് മിസോറം നിര്‍ണായകസംസ്ഥാനമാണ്. കോണ്‍ഗ്രസിന്റെ കൈവശമിരിക്കുന്ന മിസോറമില്‍ മോദിയും അമിത് ഷായും കണ്ണുവെച്ചിട്ടുണ്ട്. കുമ്മനത്തെ അവിടെ നിയോഗിക്കാനുള്ള തീരുമാനത്തിനുപിന്നില്‍ ഇതുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയാലോചനകള്‍ക്കും സാധ്യതയുണ്ട്.