നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

single-img
29 May 2018

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ ഈ മാസം 30, 31 തീയതികളില്‍ നടത്തുന്ന സമരംമൂലം ബാങ്കിങ് പ്രവര്‍ത്തനം രാജ്യവ്യാപകമായി തടസ്സപ്പെട്ടേക്കും. ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമരം ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ എവിടെയും എത്തിയിട്ടില്ല.

ബാങ്ക് ജീവനക്കാരുടെ നിലവിലെ വേതന കരാറിന്റെ കാലാവധി ആറ് മാസം മുമ്പ് തീര്‍ന്നിരുന്നു. തുടര്‍ന്ന് ന്യായമായ രീതിയില്‍ കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി ചര്‍ച്ച നടത്തി.

യോഗത്തില്‍ രണ്ട് ശതമാനം വര്‍ദ്ധനവാണ് ഐബിഎ മുന്നോട്ട് വച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂണിയനുകളുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ 9 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പണിമുടക്ക് ബാങ്ക് ശാഖകളെ നിശ്ചലമാക്കും.

കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം അടഞ്ഞ് കിടക്കും.