സുനന്ദ പുഷ്‌കര്‍ കേസ്; തരൂരിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ്

single-img
28 May 2018

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിന് എതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയെ അറിയിച്ചു. തരൂരിനെ കോടതി വിളിച്ചു വരുത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ 12 മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജീവിതത്തിലെ നിരാശ വ്യക്തമാക്കി സുനന്ദ പുഷ്‌കര്‍ ശശി തരൂരിന് ഇ–മെയില്‍ അയച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

സുനന്ദയുടെ ഇ–മെയിലുകളും സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും ‘ആത്മഹത്യാക്കുറിപ്പായി’ കണക്കാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. ‘ജീവിക്കാന്‍ എനിക്ക് ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ഥനയും മരണത്തിനു വേണ്ടിയാണ്’–ജനുവരി എട്ടിനു ശശി തരൂരിന് സുനന്ദ അയച്ച ഇ–മെയിലില്‍ പറയുന്നു. ആ മെയില്‍ അയച്ച് ഒന്‍പതു ദിവസത്തിനു ശേഷം ജനുവരി 17നായിരുന്നു സുനന്ദയുടെ മരണം.

അതിനിടെ, ശശി തരൂരിനെ വിളിച്ചു വരുത്തുന്ന കാര്യം ജൂണ്‍ അഞ്ചിനു തീരുമാനിക്കും. പ്രത്യേക അതിവേഗ കോടതി അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് സമര്‍ വിശാലാണു ഹര്‍ജി മാറ്റിവച്ചത്. കേസ് പട്യാല ഹൗസ് കോടതിയില്‍ നിന്നു പ്രത്യേക കോടതിയിലേക്കു കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പട്യാല ഹൗസ് കോടതി മെട്രോപൊലിറ്റന്‍ മജിസ്‌ട്രേട്ട് ധര്‍മേന്ദ്ര സിങ്ങിന്റേതായിരുന്നു ഉത്തരവ്.

സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കഴിഞ്ഞ 14നു പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും തിരുവനന്തപുരത്തുനിന്നുള്ള എംപിയുമായതിനാലാണു പ്രത്യേക കോടതിയിലേക്കു കേസ് മാറ്റിയത്.