പോലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്ന പിണറായി വിജയന്റെ വാദം പൊളിയുന്നു: സുരക്ഷാ സംഘത്തില്‍ എസ്.ഐ ഷിബുവും

single-img
28 May 2018

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താത്തതും തന്റെ സുരക്ഷയും തമ്മില്‍ കൂട്ടികുഴയ്‌ക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് പ്രത്യേക സംഘമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെയുള്ള പാരിപാടികളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഗാന്ധിനഗര്‍ എസ്.ഐ എം.എസ്. ഷിബുവിനായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. ചങ്ങനാശേരി ഡിവൈഎസ്പിയുടെ ടീമില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലാണ് ഷിബുവിന് ഡ്യൂട്ടി നല്‍കിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ലഭിച്ച വിവരം.

കെവിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് രാവിലെ ആറ് മണിക്ക് അദ്ദേഹത്തിന്റെ പിതാവും, 11 മണിക്ക് ഭാര്യയും ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, ഈ സമയം മറ്റ് പോലീസുകാര്‍ എസ്.ഐയെ വിളിക്കുമ്പോള്‍ താന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലാണെന്നും വൈകുന്നേരം അന്വേഷിക്കാമെന്നുമായിരുന്നു എം.എസ്. ഷിബുവിന്റെ മറുപടി.

എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു. തന്റെ സുരക്ഷാ കാര്യങ്ങള്‍ നോക്കുന്നത് പ്രത്യേക സംഘമാണെന്നും ഗാന്ധിനഗര്‍ എസ്.ഐയ്ക്ക് അതിന്റെ ചുമതലയില്ലെന്നും കെവിന്‍ കൊല്ലപ്പെട്ട സംഭവവും തന്റെ സുരക്ഷയും തമ്മില്‍ കൂട്ടിക്കെട്ടേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പരാതിയുമായി എത്തിയ കെവിന്റെ ഭാര്യയോട് പോലീസ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐയെയും, എ.എസ്.ഐയെയും സസ്‌പെന്‍ഡ് ചെയ്യുകയും കോട്ടയം എസ്പിയെ സ്ഥലം മാറ്റുകയും ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭാര്യ സഹോദരനും സംഘവും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഇന്ന് കെവിന്റെ മൃതദേഹം തെന്മലയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.