കെവിന്റെ കൊലപാതകം: പ്രതികളായ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കി; പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ മുന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരന്‍

single-img
28 May 2018

കോട്ടയം: പ്രണയവിവാഹത്തേത്തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.യെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നും നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്നുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നിയാസ് വധുവിന്റെ ബന്ധു എന്ന നിലയിലാണ് കൃത്യത്തില്‍ പങ്കെടുത്തത്. സംഭവമറിഞ്ഞയുടന്‍ സംഘടന ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ബന്ധുവായ ഇഷാനേയും പുറത്താക്കിയിട്ടുണ്ട്.

വധുവിന്റെ പിതാവ് ചാക്കോയും പരമ്പരാഗത കോണ്‍ഗ്രസ് അനുഭാവിയും പ്രവര്‍ത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്നയുടെ കുടുംബവും അറിയപ്പെടുന്ന കോണ്‍ഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയര്‍ത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു.

സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായനിയമ നടപടി സ്വീകരിക്കണം. വീഴ്ചവരുത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.