ചെങ്ങന്നൂരില്‍ ഫൈബര്‍ കേബിളുകള്‍ അറുത്തുമാറ്റി; പലയിടത്തും കേബിള്‍ ടിവി തകരാറിലായി: ഇന്നത്തെ വാര്‍ത്ത മുക്കാനെന്ന് ആക്ഷേപം

single-img
28 May 2018

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വ്യാപകമായി കേബിള്‍ ടിവി ബന്ധം തകരാറിലാക്കിയതായി പരാതി. നിരവധി സ്ഥലങ്ങളില്‍ ഒപ്റ്റിക്കല്‍ കേബിളുകള്‍ അറുത്തുമാറ്റിയതായി കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ പരാതിപ്പെട്ടു. മുളക്കുഴ, മുണ്ടന്‍കാവ്, പുലിയൂര്‍, ബഥേല്‍ ജങ്ഷന്‍, ഐടിഐ ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കേബിള്‍ ടിവി ശൃംഘലയിലെ കേബിളുകള്‍ മുറിച്ചു നീക്കിയതായി കണ്ടെത്തിയത്.

പോളിങ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണ് കോട്ടയത്ത് നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട കെവിന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നത്. തൊട്ടുപിന്നാലെ പ്രതിപക്ഷം കോട്ടയത്ത് സമരവും തുടങ്ങി. പ്രതിപ്പട്ടികയില്‍ സിപിഎം പ്രവര്‍ത്തകരുമുണ്ടെന്ന വാര്‍ത്ത ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞതിനു പിന്നാലെ ചെങ്ങന്നൂരില്‍ യുഡിഎഫും ബിജെപിയും വോട്ടര്‍മാര്‍ക്കിടയില്‍ ഈ വിഷയമുയര്‍ത്തി പ്രചാരണവും തുടങ്ങി.

പിന്നീട് വോട്ടര്‍മാര്‍ വാര്‍ത്ത കാണാതിരിക്കാന്‍ മണ്ഡലത്തില്‍ വ്യാപകമായി വൈദ്യുതി, കേബിള്‍ കണക്ഷനുകള്‍ ആസൂത്രിതമായി വിച്ഛേദിച്ചെന്ന ആരോപണവും ഉയര്‍ന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പലയിടത്തും ടിവി സംപ്രേഷണം തടസ്സപ്പെട്ടു. കെവിന്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച വാര്‍ത്ത ഉപതിരഞ്ഞെടുപ്പു ദിവസം വിവാദമായത് വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ കേബിള്‍ മുറിക്കുന്നതാണു കാരണമെന്ന് ആരോപണം.

വിഷയം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പുമായി കൊലപാതകത്തെ ബന്ധിപ്പിക്കുന്നത് മാധ്യമങ്ങളാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നുമായിരുന്നു സിപിഎം പ്രതികരണം.