ഇണചേര്‍ന്നാല്‍ ആണ്‍ പാമ്പുകള്‍ ശ്വാസം മുട്ടി മരിക്കും; ഗാര്‍ട്ടര്‍ പാമ്പുകള്‍ക്ക് സംഭവിക്കുന്നത് ഇതാണ് (വീഡിയോ)

single-img
27 May 2018

കാനഡയിലെ മനിറ്റോബയിലുള്ള നാര്‍സിസ് സ്‌നേക്ക് ഡെന്‍സില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ‘റെഡ്‌സൈഡഡ് ഗാര്‍ട്ടര്‍’ പാമ്പുകളാണ്. കടല്‍ പോലെയാണ് ഇവിടെ ഗാര്‍ട്ടര്‍ പാമ്പുകള്‍ ഒഴുകിനടക്കുക. ലോകത്തില്‍ ഏറ്റവുമധികം പാമ്പുകള്‍ സംഗമിക്കുന്ന കേന്ദ്രം എന്ന റെക്കോര്‍ഡും നാര്‍സിസിനാണ്. ഇണചേരലിനൊടുവില്‍ ഈ പാമ്പുകള്‍ക്ക് മരണം സംഭവിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഏപ്രില്‍ അവസാനം മുതല്‍ മേയ് അവസാനം വരെയാണ് നാര്‍സിസില്‍ ‘പാമ്പന്‍ സമുദ്രം’ കാണാനുള്ള അവസരമുള്ളത്. സെപ്റ്റംബറിലും ഇത് കാണാം. ഏതാനും വര്‍ഷം മുന്‍പ് ഒരു സീസണില്‍ അധികൃതര്‍ നടത്തിയ കണക്കെടുപ്പില്‍ എഴുപത്തിയയ്യായിരത്തിലേറെ പാമ്പുകളുണ്ടെന്നാണ് കണ്ടെത്തിയത്.

ഇത്രയേറെ പാമ്പുകള്‍ക്കിടയില്‍ നിന്നാലും അവ ആക്രമിക്കില്ല. കാരണം അക്രമിക്കാനൊന്നും അവയ്ക്ക് സമയമില്ലത്രേ. അതിന് പുറമെ മനുഷ്യനെ കൊല്ലാനുള്ള വിഷവും അവയ്ക്കില്ല. ഇണചേരുന്നതിനാണ് ഇവ ഇത്തരത്തില്‍ ഒത്തു ചേരുന്നത്.

ഇണചേരുന്നതിനിടെ ശരാശരി 300 ആണ്‍പാമ്പെങ്കിലും ശ്വാസംമുട്ടി മരിക്കുമെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. ഇണചേരല്‍ കൃത്യമാകുന്നതിന് മഞ്ഞുകാലത്ത് ഇവ ഊര്‍ജം ശേഖരിച്ച് വെക്കും. ഒരു തവണ ബീജം പുറന്തള്ളുമ്പോള്‍ 18% ഊര്‍ജമാണ് നഷ്ടപ്പെടുന്നത്. അതിനാല്‍ത്തന്നെ ചെറിയ പാമ്പുകള്‍ക്ക് ഇണചേരലിനൊടുവില്‍ മരണം സംഭവിക്കുന്നു.

വസന്തകാലത്തിന്റെ ആരംഭത്തിലാണ് ഇവ ഇണചേരുക. ഇണചേരാനുള്ള മുന്‍കരുതലെന്ന നിലയില്‍ മഞ്ഞുകാലത്തെ വിശ്രമജീവിതത്തിനിടെ ആണ്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭക്ഷണം കഴിക്കാറില്ല. ഏപ്രില്‍ അവസാനമോ മേയ് ആദ്യവാരമോ ആകുമ്പോള്‍ ആണ്‍ പാമ്പുകള്‍ ഓരോന്നായി സൂര്യപ്രകാശത്തിലേക്ക് തലനീട്ടും.

ആണുങ്ങളേക്കാള്‍ വലുപ്പം കൂടുതലാണ് പെണ്‍ ഗാര്‍ട്ടറുകള്‍ക്ക്. ഇവ ഒരു തരം ഫിറോമോണ്‍ പുറപ്പെടുവിക്കുന്നതോടെയാണ് ഇണചേരാനായി ആണ്‍പാമ്പുകള്‍ അടുക്കുന്നത്. ഒരു പെണ്‍പാമ്പിനടുത്തെത്തുക അന്‍പതിലേറെ ആണ്‍പാമ്പുകളാണ്. അതിനാല്‍ത്തന്നെ അവ ഒന്നിനു മേല്‍ ഒന്നായി ഒരു പന്തുപോലെ രൂപം പ്രാപിക്കും.

മരത്തിലും പാറക്കൂട്ടങ്ങളിലുമൊക്കെ ഉരുണ്ടുനടക്കുന്ന പാമ്പുകൂട്ടങ്ങള്‍ക്ക് mating balls എന്നാണ് ഓമനപ്പേര്. കാനഡയിലെ കനത്ത മഞ്ഞുപെയ്യുന്ന കാലത്ത് ഗാര്‍ട്ടര്‍ പാമ്പുകള്‍ ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയിലുള്ള വിള്ളലുകളിലും മാളങ്ങളിലുമെല്ലാമായിരിക്കും. ഇണചേര്‍ന്നു കഴിഞ്ഞാല്‍ ബീജം വര്‍ഷങ്ങളോളം സൂക്ഷിക്കാന്‍ പെണ്‍പാമ്പുകള്‍ക്ക് സാധിക്കും. മുട്ടയിടാതെ ഇവ പ്രസവിക്കുകയാണ് പതിവ്. ഒറ്റ പ്രസവത്തില്‍ത്തന്നെ അന്‍പതോളം കുഞ്ഞുങ്ങളുമുണ്ടാകും.