സൂര്യനടുത്തേക്ക് പേരുകള്‍ എത്തിക്കാന്‍ 11 ലക്ഷത്തിലധികം ആളുകള്‍

single-img
27 May 2018

നാസയുടെ സൂര്യദൗത്യമായ പാര്‍ക്കര്‍ സോളാര്‍ പ്രോബിനൊപ്പം സൂര്യനടുത്തേക്ക് പേര് എത്തിക്കാന്‍ ആഗ്രഹിക്കുന്നത് 11 ലക്ഷത്തിലധികം ആളുകളെന്ന് റിപ്പോര്‍ട്ട്. ജൂലൈ 31നാണ് വിക്ഷേപണം. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നാസ സൂര്യനില്‍ പേരെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ മെമ്മറി കാര്‍ഡിലാക്കി പേടകത്തില്‍ സൂക്ഷിക്കും. 11,37,200 ആളുകളാണ് ഓണ്‍ലൈന്‍ വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്തത്.

യുജീന്‍ പാര്‍ക്കര്‍ എന്ന ഫിസിക്‌സ് ശാസ്ത്രജ്ഞനോടുള്ള ആദരസൂചകമായിട്ടാണ് നാസ തങ്ങളുടെ സൂര്യ ദൗത്യത്തിന് പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്ന പേരിട്ടിരിക്കുന്നത്. സൂര്യനെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശരിയായ ദിശ നല്‍കിയ ശാസ്ത്രജ്ഞനാണ് യുജീന്‍ പാര്‍ക്കര്‍. പാര്‍ക്കര്‍ സമര്‍പ്പിച്ചിരിക്കുന്ന ഒരു ഫലകത്തിലാണ് പേരുകള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വെല്‍ഡ് ചെയ്തു വെക്കുക. അദ്ദേഹത്തിന്റെ പ്രശസ്തമായ ചില വാചകങ്ങളും ഈ ഫലകത്തില്‍ രേഖപ്പെടുത്തും.