വഴിയരികില്‍ മരിച്ചു കിടന്ന ഭിക്ഷക്കാരിയുടെ ഭാണ്ഡം പരിശോധിച്ച പോലീസുകാര്‍ക്ക് കിട്ടിയത് രണ്ടേകാല്‍ ലക്ഷം; പാസ്ബുക്ക് പരിശോധിച്ചപ്പോള്‍ ഏഴു കോടിയുടെ ബാങ്ക് ബാലന്‍സ്

single-img
22 May 2018

ഇരുകാലുകളുമില്ലാതിരുന്ന ഭിക്ഷക്കാരിയെ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ക്കായി പോലീസ് സ്ഥലത്തെത്തിയത്. ഭിക്ഷക്കാരിയുടെ ഭാണ്ഡക്കെട്ട് പരിശോധിച്ച ബെയ്‌റൂട്ട് പോലീസ് ഞെട്ടി. കാരണം രണ്ടു ലക്ഷത്തോളം രൂപയായിരുന്നു കണ്ടെടുത്തത്.

എന്നാല്‍ പോലീസുകരുടെ കണ്ണു തള്ളിയത് അവരുടെ പാസ്ബുക്ക് പരിശോധിച്ചപ്പോഴാണ്. ഏകദേശം 1.7 ബില്യണ്‍ ലെബനീസ് പൗണ്ടിന് ( ഏഴു കോടിയലധികം) ഉടമസ്ഥയായിരുന്നു തൈരുവില്‍ ആരോരുമില്ലാതെ മരണമടഞ്ഞത്.

ലെബനനില്‍ ആഭ്യന്തര യുദ്ധസമയത്ത് കൈകാലുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് വഴിയരികില്‍ ഭിക്ഷ നടത്തി ജീവിച്ചിരുന്ന ഫാത്തിമാ ഓത്തമാനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഭാണ്ഡക്കെട്ടില്‍ പണം നിറച്ച രണ്ടു ബാഗുകളില്‍ ഒന്നിലാണ് 50 ലക്ഷം ലെബനീസ് പൗണ്ട് കണ്ടെത്തിയത്.

മറ്റൊരു ബാഗില്‍ നിന്നുമാണ് പാസ്ബുക്ക് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസിന് കണ്ടെത്താനായിട്ടില്ല. കൈകാലുകളില്ലാതിരുന്ന ഫാത്തിമയെ പണവും ആഹാരവും നല്‍കി നാട്ടുകാര്‍ സഹതാപത്തോടെ സഹായിച്ചിരുന്നു. യഥാര്‍ത്ഥ വസ്തുത നാട്ടുകാരെയും അമ്പരപ്പിക്കുന്നതായിരുന്നു.

വടക്കന്‍ ലെബനനിലെ ഐന്‍ അല്‍ സഹാബില്‍ നിന്നും പോലീസ് ഫാത്തിമയുടെ കുടുംബാംഗങ്ങളെ കണ്ടെത്തി. ഇവര്‍ ഫാത്തിമയുടെ മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ ബന്ധുക്കളുമായി അകല്‍ച്ചയിലായിരുന്ന കുടുംബാംഗങ്ങളും ഫാത്തിമയുടെ സ്വത്ത് വിവരം അറിയുന്നത് അവരുടെ മരണശേഷമായിരുന്നു.