അന്ന് 342 പേജുകള്‍. ഇന്ന് 348 പേജുകള്‍: ഈ പുസ്തകം ഇതേ തലക്കെട്ടില്‍ 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതാണ് !!; കൈപ്പുസ്തകം പുറംചട്ട മാറ്റിയതെന്ന് ആക്ഷേപം

single-img
21 May 2018

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ‘സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍’ എന്ന പുസ്തകം മുന്‍ സര്‍ക്കാര്‍ ഇറക്കിയ പുസ്തകത്തിന്റെ പുറംചട്ട മാറ്റിയിറക്കിയതാണെന്ന് ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോയാണ് പഴയ പുസ്തകത്തിന്റെ പുറംചട്ട സഹിതം സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്.

പി.ടി.ചാക്കോയുടെ പോസ്റ്റ് ഇങ്ങനെ:

ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം കണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോള്‍ അവിടെ പ്രകാശനം ചെയ്ത ബുക്കാണ് ‘സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍’. ഒരു വയോധികയോടൊപ്പം ചിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് കവറില്‍ കൊടുത്തിരിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ വിവിധ ധനസഹായ പദ്ധതികളാണ് ഇതില്‍ വിവരിച്ചിരിക്കുന്നത്. വളരെ പ്രയോജനകരമായ നല്ല പുസ്തകം.

പക്ഷേ, ഒരു കല്ലുകടിയുണ്ട്. ഈ പുസ്തകം ഇതേ തലക്കെട്ടില്‍ 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതാണ് !!. അതില്‍ മുഖ്യമന്ത്രിയുടെ പടത്തിനു പകരം ഒരു സിംബോളിക് പടമേ കൊടുത്തിട്ടുള്ളു. സര്‍ക്കാരിന്റെ ധനസഹായ പദ്ധതികള്‍ ഒരു തുടര്‍ പ്രക്രിയ ആയതിനാല്‍ അതില്‍ തന്റെ പടം വേണ്ടെന്ന് അന്നത്തെ മുഖ്യമന്ത്രി തന്നെയാണു നിര്‍ദേശിച്ചത്.

അന്ന് 342 പേജുകള്‍. ഇന്ന് 348 പേജുകള്‍. പിണറായി സര്‍ക്കാര്‍ അതേ പുസത്കം ചില്ലറ മാറ്റങ്ങളോടെ പുന:പ്രസിദ്ധീകരിച്ചപ്പോള്‍ പരിഷ്‌കരിച്ച പതിപ്പ് എന്നു ചേര്‍ത്താല്‍ ഉചിതമായിരുന്നു. അതിന്റെ കവര്‍ ചിത്രമായി മുഖ്യമന്ത്രിയുടെ തന്നെ പടം കൊടുക്കണമോ എന്നത് കാഴ്ചപ്പാടു പോലെയിരിക്കും. രാജ്യത്തെ തന്നെ ഏറ്റവും വലിയ മീഡിയ ടീം ഉള്ളത് കേരള മുഖ്യമന്ത്രിക്കാണ്. പിആര്‍ഡിയില്‍ മിടുക്കന്മാരായ ഓഫീസര്‍മാരുമുണ്ട്. സര്‍ക്കാരിന്റെ വാര്‍ഷികത്തിന് ഒരു പുതിയ സംഭവം ഇറക്കാമായിരുന്നു.

പതിവുപോലെ പരസ്യങ്ങള്‍ രൂപകല്പന ചെയ്തതു മൈത്രി തന്നെ!

ഇതിനു പുതിയ പുസ്തകത്തിന്റെ എഡിറ്റര്‍ മനോജ് കെ. പുതിയവിള മറുപടി പറയുന്നത് ഇങ്ങനെ:

‘ശ്രീ.പി റ്റി ചാക്കോ പറയുന്നതുപോലെ പഴയ പുസ്തകത്തിന്റെ പുനഃപ്രകാശനമല്ല പുതിയ പുസ്തകം. ഇപ്പോഴത്തെ മന്ത്രിസഭ അധികാരമേറ്റശേഷം എല്ലാ ക്ഷേമപ്പെന്‍ഷനും ഇരട്ടിയാക്കി. വിവിധ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. പല പദ്ധതികളുടെയും വരുമാനപരിധി ഉയര്‍ത്തി കൂടുതല്‍പേരെ ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാക്കി. പുതിയ പദ്ധതികളും പലതു തുടങ്ങി. അതെല്ലാം ചേര്‍ത്തതാണു പുസ്തകം.

സര്‍ക്കാര്‍ ധനസഹായപദ്ധതികള്‍ ‘ഇബുക്ക്’, പിഡിഎഫ് തുടങ്ങിയ ഇലക്ട്രോണിക് രൂപങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതിന്റെ ഇലക്ട്രോണിക് പതിപ്പുകള്‍ www.prd.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍പേരിലേക്ക് എത്തിക്കാന്‍ ഇവ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുപകരം മുഖച്ചിത്രത്തില്‍ ചര്‍ച്ച കേന്ദ്രീകരിച്ചത് ഉചിതമായില്ല. വേറെയും പുതുമകളും പ്രത്യേകതകളും ഉണ്ട് ഈ പുസ്തകത്തിന്.

ഓരോ വകുപ്പും നടല്‍കുന്ന സഹായങ്ങളുടെ പേരുകള്‍ ചേര്‍ത്ത് ഉള്ളടക്കം വിപുലീകരിച്ചു സമഗ്രമാക്കി. ഏതാണ്ടെല്ലാ പദ്ധതിയുടെയും പേരും ലഭിക്കുന്ന സഹായവും അപേക്ഷിക്കേണ്ടവിധവും വിലാസവുമെല്ലാം ഏകരൂപമായ മാതൃകയില്‍, പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കിയിട്ടുണ്ട്.

പല വിഭാഗങ്ങള്‍ക്കുവേണ്ടി പല വകുപ്പുകളും സമാനസ്വഭാവമുള്ള പദ്ധതികള്‍ നടത്തുന്നുണ്ട്. ഭവനപദ്ധതികള്‍, പെന്‍ഷന്‍ പദ്ധതികള്‍, സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങിയവ ഉദാഹരണം. ഇവ അതതു വകുപ്പുകളുടെ അദ്ധ്യായത്തില്‍ ആയതിനാല്‍, പല ഭാഗത്തായി ചിതറിക്കിടപ്പാണ്. ആ പ്രശ്‌നം പരിഹരിക്കാന്‍ ഇതിന്റെ അവസാനഭാഗത്തുള്ള സവിശേഷമായ പദസൂചിക സഹായിക്കുന്നു. ഓരോ പദ്ധതിയുടെയും പേര് അകാരാദിക്രമത്തില്‍ ഇവിടെയുണ്ട്; ഒപ്പം പേജുനമ്പരും.

അക്കാദമികപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ടെക്ള്‍ (TeX) എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു രൂപകല്പന ചെയ്തതിന്റെ സാങ്കേതികമികവ് പുസ്തകത്തെ കൂടുതല്‍ ഉപയോക്തൃമിത്രം ആക്കിയിട്ടുണ്ട്.

ഇബുക്കിലും ഇന്ററാക്റ്റീവ് പിഡിഎഫിലും ഉള്ളടക്കത്താളിലും പദസൂചികയിലും നിന്ന് ഒറ്റ ക്ലിക്കില്‍ അതതുപദ്ധതി സംബന്ധിച്ച താളിലേക്കു പോകാം. ഇബുക്കില്‍ പുസ്തകത്തിലെന്നപോലെ അടയാളപ്പെടുത്താനും ഹൈലൈറ്റ് ചെയ്യാനും ആവശ്യമായ വിവരങ്ങള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് അയയ്ക്കാനും ഒക്കെ കഴിയും. പദ്ധതിയുടെ പേരും മറ്റും ടൈപ്പ് ചെയ്തു സേര്‍ച്ച് ചെയ്യാനും ഇബുക്കിലും പിഡിഎഫിലും സൗകര്യവുമുണ്ട്.

ഇലക്ട്രോണിക് പ്രസിദ്ധീകരണത്തില്‍ വിവിധ പദ്ധതികളുടെ അപേക്ഷാഫോമിന്റെ ലിങ്കുകള്‍ ചേര്‍ത്തിട്ടുണ്ട്. അവയില്‍ ക്ലിക്ള്‍ ചെയ്താല്‍ ആ ഫോം കാണാം. ആ ഫോം ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുത്തു പൂരിപ്പിച്ച് അപേക്ഷ അയയ്ക്കാം. ചില ലിങ്കുകളില്‍ ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാനുള്ള സൗകര്യവുമുണ്ട്.

ഈ പുസ്തകം യൂണിക്കോഡില്‍ തയ്യാറാക്കിയതിനാല്‍ ശ്രവണവൈകല്യമുള്ളവര്‍ക്ക് ഇപതിപ്പുകള്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ശബ്ദമാക്കിമാറ്റി കേള്‍ക്കാനും കഴിയും. സ്വതന്ത്രപകര്‍പ്പവകാശനിയമമായ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരമാണ് ഈ പുസ്തകവും ഇലക്ട്രോണിക് പതിപ്പുകളും പ്രസിദ്ധീകരിക്കുന്നത്.