ഇന്നലെ വെടിനിറുത്തലിനായി കാലുപിടിച്ച് അപേക്ഷിച്ചപ്പോള്‍ ഇന്ത്യ നിര്‍ത്തി; ഇരുട്ടി വെളുത്തപ്പോള്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍

single-img
21 May 2018

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച് പാക്കിസ്ഥാന്‍. രാവിലെ ഏഴുമണിയോടെ ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണമാണ് ഉണ്ടായത്. കഴിഞ്ഞദിവസം രാജ്യാന്തര അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ കനത്ത പ്രത്യാക്രമണം നടത്തിയതു താങ്ങാനാവാതെ വന്നപ്പോള്‍ വെടിവയ്പ് നിര്‍ത്തണമെന്നു പാക്ക് സൈന്യം അഭ്യര്‍ഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത ആക്രമണം.

ജമ്മുവിലെയും കാശ്മീരിലെയും അര്‍നിയ മേഖലകളില്‍ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തിയത്. സംഭവത്തില്‍ ഒരു യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തിന് അഞ്ച് കി.മീ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിമുതല്‍ തുടങ്ങിയ വെടിവയ്പ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ലഭിച്ച വിവരം.

ഇക്കഴിഞ്ഞ മേയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഒടുവില്‍ ഗത്യന്തരമില്ലാതെ വെടിവയ്പ്പ് അവസാനിപ്പിക്കണമെന്ന് പാക് സേന തന്നെ അപേക്ഷിക്കുകയായിരുന്നു.

ഈ വര്‍ഷം 700 തവണയാണ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. 18 സൈനികരടക്കം 38 പേരെയാണ് പാക് പ്രകോപനത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്.