നിപാ ബാധയേറ്റ് മരിച്ചവരുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകള്‍; വൈറസ് പടര്‍ന്നത് കിണര്‍ വെള്ളത്തില്‍ നിന്നെന്ന് ആരോഗ്യ മന്ത്രി

single-img
21 May 2018

കോഴിക്കോട്: നിപാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ വീട്ടില്‍ വവ്വാലുകളെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ച ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്.

മൂസയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വവ്വാലുകള്‍ പുറത്തുപോകാതിരിക്കാന്‍ കിണര്‍ മൂടിയതായി ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധയേറ്റവര്‍ക്ക് വെള്ളത്തിലൂടെയാണ് നിപാ വൈറസ് പടര്‍ന്നതെന്നാണ് നിഗമനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിപ്പാ വൈറസിനെ തടയുന്നതില്‍ ആരോഗ്യ വകുപ്പിന് വീഴ്ച വന്നിട്ടില്ല. രണ്ടാമത്തെ മരണം സംഭവിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിരുന്നു.

കേന്ദ്ര സംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്. നാളെ മറ്റൊരു സംഘം കൂടി എത്തുന്നുണ്ട്. അവരും വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം ബാധിച്ചവരെ പ്രത്യേകം മാറ്റി ചികിത്സിക്കും. നിപ്പാ വൈറസ് ബാധിച്ചവരെ ശുശ്രൂഷിച്ചതിനെ തുടര്‍ന്ന് നഴ്‌സിന് രോഗം ബാധിച്ചത് കണക്കിലെടുത്ത് ആശുപത്രികളിലെ ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തും.

ഇവര്‍ക്ക് ആവശ്യമായ മാസ്‌കുകളും കൈയുറകളും നല്‍കാനും തീരുമാനിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് ആവശ്യമെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലെ ഐ.സിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുമെന്നും ശൈലജ പറഞ്ഞു.

വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്. അതിനാല്‍ ജനങ്ങള്‍ ഭയചകിതരാകേണ്ടതില്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുക. അതിനാല്‍ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും വേണം. വവ്വാലുകളില്‍ നിന്നാല്ലാതെ മറ്റ് ക്ഷുദ്രജീവികളിലൂടെ രോഗം പകരുമെന്ന് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.