കര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി: മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം

single-img
21 May 2018

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് ജെ.ഡി.എസ് ചര്‍ച്ച പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് അധ്യക്ഷന്‍ കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. സഖ്യത്തില്‍ലേര്‍പ്പെടാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ രാഹുലിനോടും സോണിയ ഗാന്ധിയോടും കൂടിക്കാഴ്ചയില്‍ കുമാരസ്വാമി നേരിട്ടു നന്ദി അറിയിക്കും.

അതേസമയം, കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ കല്ലുകടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസ്ഥാനങ്ങളെച്ചൊല്ലിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം എന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്നായിരുന്നു പ്രാഥമിക ധാരണ. കോണ്‍ഗ്രസിന് 20 ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളും ജെഡിഎസിന് 14 ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളും ധാരണയായിരുന്നു.

എന്നാല്‍ വിശ്വാസവോട്ടടെപ്പില്‍ ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ തന്നെ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. കൂടുതല്‍ സീറ്റുകള്‍ ജയിച്ചതിനാല്‍ കൂടുതല്‍ സ്ഥാനങ്ങള്‍ വേണമെന്നാണ് ആവശ്യം. ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ മുമ്പുണ്ടായിരുന്ന സഖ്യം കയ്‌പേറിയ അനുഭവമായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു.

ധനകാര്യവകുപ്പ് കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യും. വിശ്വാസവോട്ടടെപ്പില്‍ ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞ ഡി.കെ ശിവകുമാറിന് മുന്‍പ് വഹിച്ചിരുന്ന ഊര്‍ജമന്ത്രാലയത്തിന്റെ ചുമതല നല്‍കുമെന്നും അറിയുന്നു. അതേസമയം എച്ച് ഡി കുമാരസ്വാമിയും സോണിയാഗാന്ധിയും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ തര്‍ക്ക പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ നേര്‍ക്ക്‌നേര്‍ പോരാട്ടം നടന്ന ഓള്‍ഡ് മൈസൂരില്‍ താഴേക്കിടയില്‍ പ്രശ്‌നപരിഹാരത്തില്‍ സംസ്ഥാന നേതാക്കള്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് സൂചന.

അതിനിടെ ലിംഗായത്ത് വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമുദായ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് കൈമാറി. കോണ്‍ഗ്രസിലും ജെ.ഡി.എസിലുമായി ലിംഗായത്ത് വിഭാഗക്കാരായ 20 എം.എല്‍.എമാരുണ്ട്.