ചെയ്ത ജോലിയുടെ കൂലി ചോദിച്ച 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി ഓടയില്‍ താഴ്ത്തി: പ്രതി പിടിയില്‍

single-img
21 May 2018

വീട്ടില്‍ ജോലിക്ക് നിന്നിരുന്നതിന്റെ ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്ന് ഇടനിലക്കാരന്‍ പെണ്‍കുട്ടിയെ അറുത്ത് കൊന്നു. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ 16കാരിയാണ് ക്രൂരതയ്ക്കിരയായത്. ഇതേതുടര്‍ന്ന് ഇടനിലക്കാരനായ മഞ്ജിത് കര്‍കേതയെ പോലീസ് അറസ്റ്റു ചെയ്തു.

മൂന്ന് വര്‍ഷം മുമ്പാണ് ഈ പെണ്‍കുട്ടിയെ വന്‍ ശമ്പളം വാഗ്ദ്ധാനം ചെയ്ത് ഡല്‍ഹിയില്‍ ജോലിക്കെത്തിച്ചത്. വലിയ തുക ലഭിക്കുമെന്നതിനാല്‍ പല പെണ്‍കുട്ടികളും ഇത്തരത്തില്‍ പ്രലോഭനങ്ങളില്‍ വീഴും. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടി ജോലി ഉപേക്ഷിച്ചിരുന്നു.

മേയ് 3ന് മഞ്ജീത്തിന്റെ വീട്ടിലെത്തി ശമ്പള കുടിശിക ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായാണ് മഞ്ജീത്തും കൂട്ടരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. നാലാം തീയതിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഓടയില്‍ കണ്ടെത്തിയത്.

പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടില്‍ നിന്ന് മഞ്ജീത് മുങ്ങി. അന്വേഷണത്തില്‍ ഡല്‍ഹിയിലെ വാടകവീട്ടില്‍ പോകാന്‍ സാദ്ധ്യതയുള്ളതായി വിവരം ലഭിച്ചു. ഇതോടെ പൊലീസ് ഇയാള്‍ക്കായി വല വിരിച്ചു.

ഒരു സ്ത്രീ അടക്കം മറ്റ് രണ്ടു പേരുടെ സഹായത്തോടെയാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ മഞ്ജീത് പൊലീസിനോട് പറഞ്ഞു. സോണിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മഞ്ജിത് ശ്രമിച്ചെങ്കിലും അവള്‍ അതിന് തയാറായില്ല. ഇതേതുടര്‍ന്നാണ് കൊലപ്പെടുത്തിയത്.

അതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി റാവു വിഹാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ നിന്ന് നിര്‍ധനരായ പെണ്‍കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് വീട്ടുജോലിക്കായി നല്‍കുന്നയാളാണ് മഞ്ജിത് എന്ന് അഡീഷണല്‍ ഡിസിപി ആര്‍.എസ്. സാഗര്‍ പറഞ്ഞു.