കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റി

single-img
20 May 2018

കർണാടകയിൽ എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ചയിലേക്ക് മാറ്റി. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ അന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ ദിനമായതിനാലാണ് ചടങ്ങ് മാറ്റിയതെന്നാണ് വിവരം.

യെദിയൂരപ്പ സർക്കാർ വിശ്വാസ വോട്ടിന് കാത്ത് നിൽക്കാതെ രാജിവച്ച പശ്ചാത്തലത്തിൽ ഗവർണർ വാജു ഭായ് വാല കുമാരസ്വാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു. കുമാരസ്വാമിയും ഗവർണറും ഇന്നലെ രാത്രി 7.30ന് നടത്തിയ കൂടിക്കാഴ്ചയിലാണ് സർക്കാർ രൂപികരിക്കാൻ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ ക്ഷണിച്ചത്.

കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിൽ 30 അംഗ മന്ത്രിസഭ രൂപീകരിക്കാനാണ് തീരുമാനം. മന്ത്രി സഭ തീരുമാനങ്ങൾ ഇന്ന് പൂർത്തിയാകുമെന്നാണ് പാർട്ടി ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. കർണാടകയിൽ സ്ഥിരതയുള്ള സർക്കാർ നിലകൊള്ളുമെന്ന് കുമാരസ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതി‌ജ്ഞ ചടങ്ങിൽ നിരവധി ദേശീയ നേതാക്കൾ പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്. സോണിയ ഗാന്ധി, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, മമതാ ബാനർജി, സ്റ്റാലിൻ, എന്നിവർ പങ്കെടുക്കുമെന്നാണ് സൂചന.

അതേസമയം, കോൺഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും. ഡി.കെ. ശിവകുമാറിനെ കെ.പി.സി.സി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ചയാവും കോൺഗ്രസ്‌-ജെഡിഎസ് സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിക്കുക.