ഞങ്ങള്‍ക്കൊപ്പം വരൂ… മന്ത്രിയാക്കാം; അതിനുശേഷം ആവശ്യപ്പെടുന്നതെല്ലാം നല്‍കാം; 15കോടിയും മന്ത്രിപദവിയും വാഗ്ദാനം ചെയ്യുന്ന യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്ത്

single-img
19 May 2018

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തനിക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ബി.സി പാട്ടീല്‍. ബസ് യാത്രക്കിടെയാണ് യെദ്യൂരപ്പ വിളിച്ചതെന്നും തന്നോടൊപ്പമുള്ള മൂന്ന് എം.എല്‍.എ മാരോടൊപ്പം വന്നാല്‍ മന്ത്രിപദവി തരാമെന്നും വാഗ്ദാനം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.

ഇതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, യെദ്യൂരപ്പയുട മകന്‍ വിജയേന്ദ്ര കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എം.എല്‍.എമാരുടെ ഭാര്യമാരെ വിളിച്ചാണ് വിജയേന്ദ്ര പണം വാഗ്ദാനം ചെയ്തത്.

15കോടി രൂപയാണ് വിജേയന്ദ്ര വാഗ്ദാനം ചെയ്തത്. ഇതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതോടെ മൂന്ന് ശബ്ദരേഖകളാണ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

ശബ്ദരേഖയുടെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ:

യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. !ഞങ്ങള്‍ക്കൊപ്പം വരൂ. മന്ത്രിയാക്കാം. അതിനുശേഷം ആവശ്യപ്പെടുന്നതെല്ലാം നല്‍കാം.

പാട്ടീല്‍: ഞാന്‍ ബസിലാണ് അണ്ണാ. പുറത്തിറങ്ങാനാവില്ല. എനിക്കൊപ്പം മൂന്നുപേര്‍ കൂടിയുണ്ട്. അവരുടെ കാര്യം എങ്ങനെയാണ് ?

യെദ്യൂരപ്പ: അവരുടെ എല്ലാവരുടേയും കാര്യം ഞാന്‍ നോക്കിക്കോളാം. ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് നടപ്പാക്കും എന്നറിയാമല്ലോ. ആദ്യം നിങ്ങള്‍ ഇറങ്ങി വരൂ.

അതേസമയം വിവാദങ്ങളും ആരോപണങ്ങളും തുടരുന്നതിനിടെ കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ മാത്രം. നാലുമണിക്ക് വിശ്വാസവോട്ട് നേടുമെന്ന ആത്മവിശ്വാസം ആവര്‍ത്തിച്ച് ബി.ജെ.പിയും ശക്തിതെളിയിക്കുമെന്ന് ഉറച്ച് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യവും നീങ്ങുന്നു.

രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പുറമെ ബി.ജെ.പി പ്രധാനശക്തികേന്ദ്രമായ റെഡ്ഡി സഹോദരന്‍മാരിലൊരാളായ സോമശേഖരറെഡ്ഡിയും നിയമസഭയില്‍ ഇതുവരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതൊഴിച്ചാല്‍ ബി.ജെ.പിക്ക് അനുകൂലമായ നീക്കങ്ങളൊന്നും പ്രകടമല്ല. സഭാതലത്തില്‍ എന്താകും സംഭവിക്കുക എന്ന ആകാംക്ഷയിലാണ് രാജ്യം.

നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്. രാവിലെ പതിനൊന്ന് മണിക്ക് സഭ തുടങ്ങിയപ്പോള്‍ പ്രോടെം സ്പീക്കര്‍ കെ.ജി.ബൊപ്പയ്യ ആദ്യം സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ക്ഷണിച്ചു.

യെദ്യൂരപ്പയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അഞ്ച് അംഗങ്ങള്‍ വീതം ഒരുമിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. നാലുമണിക്ക് മുമ്പായി എല്ലാ എം.എല്‍.എമാരുടെയും സത്യപ്രതിജ്ഞ പൂര്‍ത്തായാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍.