ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
19 May 2018

വടകര: മാഹിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ലോഡ്ജില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.

കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ് പിടിയിലായത്. ഷെബിന്‍ രവീന്ദ്രന്‍, വിജിന്‍ ചന്ദ്രന്‍, എം.എം ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മാഹി പള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകനായ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്.

ഓട്ടോ തടഞ്ഞു നിര്‍ത്തിയാണ് ഇയാളെ വെട്ടിക്കൊന്നത്. ആറു പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ, ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു ബിജെപി അനുഭാവികളെ പുതുച്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമേജ് വധക്കേസില്‍ അറസ്റ്റ് വൈകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന ആരോപണവുമായി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു.