മോദിക്കും കൂട്ടര്‍ക്കും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്: ബി.ജെ.പിയിലെ വൊക്കലിഗ എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് പക്ഷത്തേക്ക്?

single-img
19 May 2018

കര്‍ണാടകയില്‍ ബി.എസ് യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബെംഗളൂരുവില്‍ കരുനീക്കങ്ങള്‍ ശക്തം. വിജയനഗര എംഎല്‍എ ആനന്ദ് സിങ് ഒപ്പമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആനന്ദ് സിങ്ങുമായി ബന്ധപ്പെടുന്നുണ്ട്. വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയാണ് വിധാന്‍ സൗധയില്‍ ആദ്യമെത്തിയത്. നാലുമണിക്ക് വിശ്വാസവോട്ട് തേടുമ്പോള്‍ കേവലഭൂരിപക്ഷം നേടാന്‍ 111 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമായിരിക്കെ 104 എം.എല്‍.എമാരാണ് ബി.ജെ.പിക്കുളളത്.

പ്രതിപക്ഷ നിരയില്‍ പിളര്‍പ്പുണ്ടാക്കി കേവലഭൂരിപക്ഷത്തിന് വേണ്ട എം.എല്‍.എമാരുടെ എണ്ണം കുറയ്ക്കുകയാണ് ബി.ജെ.പിക്കുമുന്നിലുളള പ്രധാനമാര്‍ഗം. കോണ്‍ഗ്രസ് ജെ.ഡി.എസ് മുന്നണിയിലെ ലിംഗായത്ത് എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടാവുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോള്‍ ബി.ജെ.പിയിലെ വൊക്കലിഗ എം.എല്‍.എമാരെയാണ് മറുപക്ഷം ലക്ഷ്യം വെക്കുന്നത്.

നിലവില്‍ കോണ്‍ഗ്രസ് പക്ഷത്ത് 18 പേരും, ജെ.ഡി.എസ് പക്ഷത്ത് രണ്ട് പേരുമാണ് ലിംഗായത്തുകാര്‍ എം.എല്‍.എമരായിട്ടുള്ളത്. ഇതേ സമുദായത്തില്‍ പെട്ടയാളാണ് മുഖ്യമന്ത്രി യെദ്യൂരപ്പ എന്നത് കൊണ്ട് തന്നെ ആ സ്വാധീനം ഉപയോഗിച്ച് എം.എല്‍.എമാരെ തങ്ങളുടെ പക്ഷത്താക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്.

ഇതിനിടെ ലിംഗായത്തിന് ഒരു മുഖ്യമന്ത്രിയുണ്ടാവാന്‍ മഠത്തിന്റെ പിന്തുണ തനിക്കുണ്ടാവണമെന്ന് യെദ്യൂരപ്പ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ബി.ജെ.പി എംഎല്‍എമാരില്‍ കുറച്ച് പേര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് അവകാശപ്പെട്ട് മറുപക്ഷവും രംഗത്തെത്തി.

ബി.ജെ.പിയെ പരാജയപ്പെടുത്തി സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും പ്രതികരിച്ചു. ബി.ജെ.പിയിലെ വൊക്കലിഗ എം.എല്‍.എമാരെ സഖ്യത്തിലേക്കെത്തിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് ക്യാമ്പില്‍ നടക്കുന്നത്. ഏകദേശം പത്തോളം വൊക്കലിംഗ എം.എല്‍.എമാരാണ് ബി.ജി.പിക്കൊപ്പമുള്ളത്. എല്ലാകാലത്തും വൊക്കലിഗ വിഭാഗം ജെ.ഡി.എസിനെയായിരന്നു പിന്തുണച്ചിരുന്നത്. ഇതു തന്നെയാണ് അവരുടെ പ്രതീക്ഷയും.