കൂറുമാറി വോട്ടുചെയ്താലും അയോഗ്യരാക്കപ്പെടും: സത്യപ്രതിജ്ഞ ചെയ്യാതെ മാറിനിന്നാലും വിപ്പ് ബാധകമാവും; കാത്തിരിക്കുന്നത് തിരിച്ചടിയോ?

single-img
19 May 2018

ന്യൂഡല്‍ഹി: ഇന്നാണ് ആ കന്നഡ വിധി. ബിജെപി വാഴുമോ വീഴുമോ എന്നറിയാന്‍ മണിക്കൂറുകളുടെ ദൂരം മാത്രം. രണ്ട് ക്യാംപും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ എന്തൊക്കെ നടക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം. അവസാന തുറിപ്പ് ചീട്ടും ഇറക്കി കളം പിടിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. മറുപണിയുമായി കോണ്‍ഗ്രസും സജീവം.

കര്‍ണാടകയില്‍ യഡിയൂരപ്പയ്ക്ക് പിഴച്ചാല്‍ ദക്ഷിണേന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അത് കനത്ത തിരിച്ചടിയാകും. അധികാരത്തിനുവേണ്ടി ഏതറ്റവും പോകുമെന്ന ചീത്തപ്പേരും പാര്‍ട്ടിയില്‍ മോദി അമിത്ഷാ അച്ചുതണ്ടിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. മറിച്ച് വിജയം വരിച്ചാല്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഒന്നുമില്ലായ്മയില്‍ നിന്ന് ഭരണത്തിലേറുന്ന അമിത്ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാകുമത്.

അതേസമയം പാര്‍ട്ടിവിപ്പ് ലംഘിച്ച് ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്യാതെ മാറിനിന്നാലും സത്യപ്രതിജ്ഞ ചെയ്തവര്‍തന്നെ കൂറുമാറി വോട്ടുചെയ്താലും അയോഗ്യരാക്കപ്പെടും. നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രേഖ ലഭിക്കുന്നതോടെ അംഗമായി കണക്കാക്കും എന്നതാണ് ചട്ടം.

പാര്‍ട്ടിവിപ്പും കൂറുമാറ്റ നിരോധന നിയമവും ഒരുപോലെ എല്ലാവര്‍ക്കും ബാധകമാകും. അതുകൊണ്ടുതന്നെ 105 അംഗങ്ങളുടെ പിന്തുണയുള്ള യെദ്യൂരപ്പയ്ക്ക് ഇന്നത്തെ നിലയില്‍ മറുപക്ഷത്തുനിന്ന് അംഗങ്ങളെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷത്തിനുവേണ്ട 112 ആക്കുക എളുപ്പമാവില്ല.

സ്വാഭാവികമായും സത്യപ്രതിജ്ഞ ചെയ്യാത്ത അംഗത്തിന് വിശ്വാസവോട്ടില്‍ പങ്കെടുക്കാനാവില്ല. സഭയില്‍ ഹാജരായവരുടെ മൊത്തം അംഗസംഖ്യയുടെ കേവലഭൂരിപക്ഷമേ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആവശ്യമുള്ളൂ. പ്രതിപക്ഷത്തെ ചിലരെ സഭയില്‍ വരാതെ പിന്തിരിപ്പിച്ച് യെദ്യൂരപ്പ വിശ്വാസവോട്ട് നേടും എന്ന പ്രചാരണം അതിന്റെ അടിസ്ഥാനത്തിലാണ്.

ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്യാതെ തത്കാലം മാറിനിന്നാലും അവര്‍ക്ക് അടുത്തതവണ സഭചേരുമ്പോള്‍ അംഗമായി സത്യപ്രതിജ്ഞചെയ്യാം. വിപ്പ് ലംഘിക്കുന്നവര്‍ സ്വമേധയാ അയോഗ്യരാവില്ല. അതിനായി വിപ്പുനല്‍കിയ പാര്‍ട്ടി സ്പീക്കര്‍ക്ക് (പിന്നീട് തിരഞ്ഞെടുക്കപ്പെടുന്ന സ്ഥിരം സ്പീക്കര്‍) അപേക്ഷ നല്‍കണം. ഇക്കാര്യത്തില്‍ നിശ്ചിതസമയത്തിനുള്ളില്‍ സ്പീക്കര്‍ തീരുമാനം കൈക്കൊള്ളണമെന്ന് വ്യവസ്ഥയില്ല.

മാസങ്ങളും വര്‍ഷങ്ങളും തീരുമാനം മാറ്റിവെച്ച സന്ദര്‍ഭങ്ങള്‍ വിവിധ നിയമസഭകളിലുണ്ടായിട്ടുണ്ട്. ഇങ്ങനെ അയോഗ്യരാക്കപ്പെടുന്ന തീരുമാനങ്ങള്‍ പലപ്പോഴും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെടാറുമുണ്ട്. 2010ല്‍ കര്‍ണാടകത്തില്‍നിന്നുതന്നെ ഇതുപോലുള്ള അനുഭവം ഉണ്ടായിരുന്നു.