ഇപ്പോള്‍ ജനാധിപത്യം വിജയിച്ചു: പണാധിപത്യം തോറ്റു: ഇത് ബിജെപി നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ്: ഇനി ആവര്‍ത്തിക്കരുത് ഈ ‘കുതിരക്കച്ചവടം’

single-img
19 May 2018

കര്‍ണാടകത്തില്‍ മന്ത്രിസഭയുണ്ടാക്കാനുള്ള ബിജെപിയുടെ അവസാനവട്ട ശ്രമവും പാളിയതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് യെദ്യൂരപ്പ അടിയറവു പറഞ്ഞു. മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ 111 അംഗങ്ങളെ തികയ്ക്കാനുള്ള ബിജെപി ശ്രമങ്ങളെ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റി ചെറുത്തതോടെയാണ് ഭൂരിപക്ഷം കണ്ടെത്താനാവാതെ വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ യെദ്യൂരപ്പ രാജിക്കു വഴങ്ങിയത്.

20 മിനിറ്റ് വികാരതീവ്രമായ പ്രസംഗത്തിനൊടുവില്‍ കര്‍ണാടക രാഷ്ട്രീയനാടകത്തിന്റെ പുതിയ വഴിത്തിരിവായി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. 55 മണിക്കൂറുകള്‍ മാത്രമാണ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനായത്.

തനിക്ക് വോട്ട് ചെയ്ത ജനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ പ്രസംഗം തുടങ്ങിയത്. കോണ്‍ഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം കിട്ടിയില്ല. തെരഞ്ഞെടുപ്പിന് ശേഷം അവര്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി.

കുമാരസ്വാമി മുഖ്യമന്ത്രി ആകില്ലെന്ന് നേരത്തേ സിദ്ധരാമയ്യ പറഞ്ഞു. ഇപ്പോള്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നു. അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. കുടിവെള്ളം പോലും നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എത്ര സീറ്റ് കിട്ടി എന്നതല്ല, ജനം എന്താഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ജനങ്ങളെ ഇനിയും സേവിക്കണം. കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിനിടെ ഒന്നിലധികം തവണ സിദ്ധരാമയ്യ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പ്രസംഗം നീട്ടിക്കൊണ്ടുപോകാതെ വോട്ടെടുപ്പിലേക്ക് കടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അവഗണിച്ച് യെദ്യൂരപ്പ പ്രസംഗം തുടര്‍ന്നു. അര മണിക്കൂറോളം തുടര്‍ന്ന പ്രസംഗത്തിനൊടുവില്‍ വോട്ടെടുപ്പിലേക്ക് കടക്കാതെ അദ്ദേഹം രാജി പ്രഖ്യാപനവും നടത്തി.

തൊട്ട് പിന്നാലെ യെദ്യൂരപ്പ സഭയ്ക്ക് പുറത്തേക്ക് പോയി. കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ വിജയചിഹ്നം ഉയര്‍ത്തി സന്തോഷം പങ്കുവെച്ചു. ഡി.കെ. ശിവകുമാര്‍ കുമാരസ്വാമിയുടെ സീറ്റിനടുത്തെത്തി അദ്ദേഹത്തിന്റെ കൈ പിടിച്ചുയര്‍ത്തി. സിദ്ധരാമയ്യക്ക് അംഗങ്ങള്‍ ഹസ്തദാനം നടത്തി.

വിശ്വാസവോട്ടില്‍ ഭൂരിപക്ഷം തെളിയിക്കാനുളള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് യെദ്യൂരപ്പയെ രാജിവെപ്പിക്കാന്‍ ബിജെപി നേതൃത്വം നിര്‍ബന്ധതമായത്. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ടായിരുന്നു.

അതിനാടകീയ രാഷ്ട്രീയ, നിയമ പോരാട്ടങ്ങള്‍ക്കു പിന്നാലെയാണ് സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ കളമൊരുങ്ങിയത്. ജനകീയവിധിക്കു പിന്നാലെ സുപ്രീംകോടതിയിലേക്കു നീണ്ട അസാധാരണ വ്യവഹാരങ്ങളാല്‍ ദിവസങ്ങളായി തല്‍സമയ വാര്‍ത്തകളില്‍ നിറഞ്ഞ കര്‍’നാടകം’ മറ്റൊരു വഴിത്തിരിവിലേക്ക്.

മേയ് 15ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു പാര്‍ട്ടിക്കും സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. 104 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 78 സീറ്റുള്ള കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയ്ക്കായി അതിവേഗം കരുക്കള്‍ നീക്കി. 37 സീറ്റുള്ള ജെഡിഎസുമായി കൈകോര്‍ത്തു. ഇതിനൊപ്പം ബിഎസ്പി സ്വതന്ത്രന്‍, ഒരു കോണ്‍ഗ്രസ് സ്വതന്ത്രന്‍ എന്നിവരും ചേര്‍ന്നു– ആകെ 117. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യവും ബിജെപിയും അവകാശമുന്നയിച്ചു ഗവര്‍ണറെ കണ്ടു.

ജനപ്രതിനിധികളെ കളംമാറ്റിക്കുന്നതിനും കുതിരക്കച്ചവടത്തിനു കളമൊരുങ്ങി. മൂന്നു പാര്‍ട്ടികളും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്കു മാറ്റി. ഏറെ അഭ്യൂഹങ്ങള്‍ക്കും നിയമോപദേശങ്ങള്‍ക്കും ശേഷം രാത്രിയോടെ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഔദ്യോഗിക അറിയിപ്പ് എത്തി– ബി.എസ്.യെഡിയൂരപ്പയ്ക്കു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം. 15 ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. രാത്രിക്കുരാത്രി കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. പരമോന്നത കോടതിയില്‍ മൂന്നംഗബെഞ്ചിന്റെ അസാധാരണ വാദംകേള്‍ക്കല്‍ പുലര്‍ച്ചെ അഞ്ചര വരെ നീണ്ടു. യെഡിയൂരപ്പയ്ക്കു സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ തടസ്സമില്ലെന്നു കോടതി വ്യക്തമാക്കി.

മേയ് 17ന് രാവിലെ ഏകാംഗ മന്ത്രിസഭ യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസവോട്ടിന് 15 ദിവസമെന്ന ഗവര്‍ണറുടെ നടപടി 48 മണിക്കൂറില്‍ താഴെയാക്കി സുപ്രീംകോടതി നിശ്ചയിച്ചതു ബിജെപിക്കു തിരിച്ചടിയായി. അവസാനവട്ട നീക്കങ്ങളിലും ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ വന്നതോടെ, രാജിവച്ച് നാണക്കേട് ഒഴിവാക്കണമെന്നു കേന്ദ്ര നേതൃത്വം യെഡിയൂരപ്പയ്ക്ക് നിര്‍ദേശം നല്‍കി.

വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു യെഡിയൂരപ്പയും മറ്റ് അംഗങ്ങളും നിയമസഭയിലെത്തി. പ്രമേയാവതരണത്തിനു മുന്നോടിയായി വികാരധീനനായി യെഡിയൂരപ്പയുടെ പ്രസംഗം. ഒടുവില്‍ വോട്ടെടുപ്പിനു നില്‍ക്കാതെ നാടകീയമായി രാജിപ്രഖ്യാപനം. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകത്തിന് താല്‍ക്കാലിക തിരശീല. ഇനി പന്ത് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കളത്തില്‍.

ആദ്യമായല്ല യെഡിയൂരപ്പയുടെ ഇങ്ങനെ രാജിവയ്ക്കുന്നത്. കര്‍ണാടകയില്‍ ആദ്യ ബിജെപി സര്‍ക്കാരിനു ലഭിച്ചത് ഏഴു ദിവസത്തെ ആയുസ്സ് മാത്രമാണ്. നാലു മന്ത്രിമാരോടൊപ്പം 2007 നവംബര്‍ 12ന് ആണു യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നവംബര്‍ 19നു വിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ അദ്ദേഹം രാജിവച്ചു.