കൃത്യമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നത്?: ബിജെപിയുടെ വാദങ്ങള്‍ എല്ലാം സുപ്രീം കോടതി തള്ളി

single-img
18 May 2018

കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു അവസാനമാകുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.എസ്. യെഡിയൂരപ്പ നാളെ നാലുമണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കണമെന്ന ബിജെപിയുെട ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

കേസുപരിഗണിച്ചപ്പോള്‍ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കോണ്‍ഗ്രസും ജനതാദളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ബിജെപി എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല.

ഇതോടെ വിപ്പ് ലംഘിക്കാനുള്ള സാഹചര്യവും ഏതാണ്ട് ഇല്ലാതായി. നാളെ വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു രഹസ്യബാലറ്റ് വേണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട് വെച്ചത്. എന്നാല്‍ അത് നടപ്പില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

കൃത്യമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കോണ്‍ഗ്രസിന്റേയും ദളിന്റേയും എം.എല്‍.എമാര്‍ക്ക് നാളെ എത്തുന്നതിന് തടസമുണ്ടായിരിക്കാമെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. എം.എല്‍.എമാര്‍ക്ക് അത് സമ്മര്‍ദമാകുമെന്നും ബി.ജെ.പിയുടെ അഭിഭാഷന്‍ വാദിച്ചിരുന്നു. ഞായറഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ബി.ജെ.പി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.

സഭയില്‍ നാളെ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ദളും രംഗത്തെത്തിയപ്പോള്‍ നാളെ വോട്ടെടുപ്പ് വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി സ്വീകരിച്ചത്. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാകണമെന്നും എം.എല്‍.എമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിന് നിര്‍ദേശിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി കേസ് വാദത്തിനിടെ ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ആണോ സര്‍ക്കാരുണ്ടാരുണ്ടാക്കാന്‍ ക്ഷണിച്ചത്.

അതേസമയം, കോടതിയില്‍ നല്‍കിയ യഡിയൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരില്ല. കോണ്‍ഗ്രസ് ദള്‍ കത്തില്‍ എംഎല്‍എമാരുടെ പേരുകളുണ്ട്. എല്ലാം കണക്കിന്റെ കളി, ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണറെന്നും കോടതി പറഞ്ഞു. ബിജെപിയുടെ കത്തുകളില്‍ വലിയ ഒറ്റകക്ഷിയെന്നും പുറമേനിന്ന് പിന്തുണയുണ്ടെന്നാണു കത്തില്‍ പറഞ്ഞിരിക്കുന്നത്.