മുന്‍തൂക്കം കോണ്‍ഗ്രസ് ജെഡിഎസ് പക്ഷത്തിന്: നാളെ കര്‍ണാടക നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ഇങ്ങനെ

single-img
18 May 2018

കര്‍ണാടക ഭരണം പിടിക്കാനുള്ള വീറും വാശിയും കോടതി കയറിയിറങ്ങിയപ്പോള്‍ മുന്‍തൂക്കം കോണ്‍ഗ്രസ് ജെഡിഎസ് പക്ഷത്തിന്. കൃത്യമായ മുന്നൊരുക്കവും ആസൂത്രണവുമാണ് വിഷയം കോടതിയില്‍ വളരെപ്പെട്ടെന്ന് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതിനു പിന്നില്‍. സത്യപ്രതിജ്ഞയില്‍ സ്റ്റേ എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും കാര്യങ്ങള്‍ കോടതി വഴിയെത്തിയതും വിശ്വാസ വോട്ടെടുപ്പ് നാളെയാക്കി കിട്ടിയതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്.

ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി എത്ര സമയം നല്‍കുമെന്ന കാര്യത്തിലായിരുന്നു കോണ്‍ഗ്രസ് ബി ജെ പി ക്യാംപുകളില്‍ ആശങ്ക.നാളെ തന്നെ അംഗബലം തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് ക്യാംപില്‍ പ്രതീക്ഷ. ബി.ജെ.പിയുടെ കുതിരക്കച്ചടത്തിനേറ്റ തിരിച്ചടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു.

യെദ്യൂരപ്പ സര്‍ക്കാര്‍ നാളെത്തന്നെ വിശ്വാസവോട്ട് തേടണമെന്ന സുപ്രിം കോടതി വിധി ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ എല്ലാ വാദങ്ങളും ഇന്ന് കോടതിയില്‍ പരാജയപ്പെട്ടു. ബിജെപി ഉന്നയിച്ച ആവശ്യങ്ങളൊന്നും കോടതി ഇന്ന് അംഗീകരിച്ചില്ല. കോടതി വിധി തിരിച്ചടിയായിട്ടും ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ ആവര്‍ത്തിച്ചു.

നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ഇങ്ങനെ

നിയമസഭയ്ക്ക് നിലവില്‍ സ്പീക്കറില്ലാത്തതിനാല്‍ പ്രോടേം (ഇടക്കാല) സ്പീക്കറെ നിയമിക്കുകയാണ് ആദ്യ നടപടി. മന്ത്രിസഭ (ബെംഗളൂരുവില്‍ മുഖ്യമന്ത്രിയായി യെഡിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്) ഇടക്കാല സ്പീക്കറെ തിരഞ്ഞെടുത്ത് ഫയല്‍ ഗവര്‍ണര്‍ക്കു കൈമാറും. പ്രോടേം സ്പീക്കര്‍ ഗവര്‍ണര്‍ക്കു മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

നാളെ നാലു മണിക്ക് മുന്‍പു വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. സഭ സമ്മേളിക്കുന്നതിന്റെയും വോട്ടെടുപ്പിന്റെയും സമയം നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. ഇതിനു ഗവര്‍ണറുടെ അംഗീകാരം വാങ്ങും. നിയമസഭയില്‍ വോട്ടെടുപ്പു നടത്തുന്നതിനെ സംബന്ധിച്ചും സ്പീക്കര്‍ ഇല്ലാത്തതിനാല്‍ എല്ലാ അധികാരങ്ങളും പ്രോടേം സ്പീക്കര്‍ക്ക് കൈമാറുന്നത് സംബന്ധിച്ചും രണ്ടു വിജ്ഞാപനങ്ങള്‍ ഗവര്‍ണറുടെ ഓഫിസ് പുറത്തിറക്കും.

സഭ സമ്മേളിക്കുമ്പോള്‍ പ്രോടേം സ്പീക്കര്‍ക്ക് മുന്നില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഇതിനുശേഷം പ്രോടേം സ്പീക്കര്‍, സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തും. സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമാണ് സാധാരണ രീതിയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുക.

സ്പീക്കറുടെ എല്ലാ അധികാരങ്ങളും ഗവര്‍ണര്‍ പ്രോടേം സ്പീക്കര്‍ക്ക് നല്‍കുന്നതിനാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്താതെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ പ്രോടേം സ്പീക്കര്‍ക്കു കഴിയും. ഗോവയിലെ സംഭവം ഉദാഹരണം.

വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതാണ് വോട്ടെടുപ്പിന്റെ ആദ്യഘട്ടം. ഭൂരിപക്ഷം അവകാശപ്പെടുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെയോ നേതാവാണ് പ്രമേയം അവതരിപ്പിക്കുക. ബെംഗളൂരുവില്‍ യെഡിയൂരപ്പയായിരിക്കും പ്രമേയം അവതരിപ്പിക്കുന്നത്. സാധാരണ രീതിയില്‍ ഒറ്റവരി പ്രമേയമാണ്. ഉദാഹരണത്തിന് ‘ യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ സഭയ്ക്ക് മുന്‍പാകെ വിശ്വാസ വോട്ടെടുപ്പ് തേടുന്നു.’.

സ്പീക്കറുടെ അനുമതിയോടെ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടുകള്‍ എതിര്‍കക്ഷികള്‍ക്കു പോകാതിരിക്കാന്‍ ഓരോ പാര്‍ട്ടിയും എംഎല്‍എമാര്‍ക്ക് ‘വിപ്പ്’ നല്‍കും. ഇന്നയാള്‍ക്ക് വോട്ടു ചെയ്യണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയാള്‍ അയോഗ്യനാകും. അയോഗ്യരായ എംഎല്‍എമാരെ ഒഴിവാക്കിയാകും സഭയിലെ ഭൂരിപക്ഷം നിശ്ചയിക്കുക. എന്നാല്‍ ഒരാള്‍ അയോഗ്യനാണോ എന്നു പരിശോധിക്കേണ്ടത് സ്പീക്കറാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദത്തിനനുസരിച്ച് സ്പീക്കര്‍ തീരുമാനം വര്‍ഷങ്ങളോളം നീട്ടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതോടെ അംഗത്തിന് നിയമ നടപടികളില്‍നിന്നു രക്ഷപ്പെടാന്‍ കഴിയും.

സഭയില്‍ ഭൂരിപക്ഷം നേടിയാല്‍ യെഡിയൂരപ്പയ്ക്ക് അധികാരത്തില്‍ തുടരാം. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് ജനതാദള്‍ (എസ്) മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.

ഗവര്‍ണര്‍ക്ക് അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടിവരും. കോണ്‍ഗ്രസ് ജനതാദള്‍(എസ്) മുന്നണിക്കും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാകും. സര്‍ക്കാര്‍ രൂപീകരണം നീളുകയാണെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്കും തിരഞ്ഞെടുപ്പിലേക്കുമെല്ലാം കാര്യങ്ങള്‍ നീളും.