കോണ്‍ഗ്രസ് കര്‍ണാടകയില്‍ ജനാധിപത്യം തകര്‍ത്തു എന്നുപറയാന്‍ മോദിക്കും കൂട്ടര്‍ക്കും എന്തവകാശം?: ഈ സമ്പ്രദായം തുടങ്ങിവച്ചത് നിങ്ങള്‍ തന്നെയല്ലേ; കണക്കുകള്‍ ഇതാ…..

single-img
18 May 2018

സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷം വേണമെന്നോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകണമെന്നു പോലുമില്ലെന്നോ സമീപകാലത്ത് ആവര്‍ത്തിച്ചു തെളിയിച്ചതു ബിജെപിയാണ്. ജനാധിപത്യത്തിന്റെ സകലസീമകളും ലംഘിച്ചുകൊണ്ട് അടുത്തകാലത്ത് ബിജെപി രൂപീകരിച്ചത് 5 സംസ്ഥാന സര്‍ക്കാരുകളാണ്. ഇത് മറന്നുകൊണ്ടാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ ബിജെപി നേതാക്കള്‍ ജനാധിപത്യ വിരുദ്ധമെന്ന് പറയുന്നത്.

‘ഭൂരിപക്ഷമില്ലാത്ത’ ബിജെപി സര്‍ക്കാരുണ്ടാക്കിയ വഴികള്‍:

മണിപ്പുര്‍ (2017):

60 അംഗ നിയമസഭ. 28 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍, 21 സീറ്റ് നേടിയ ബിജെപിക്കാണു മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചതും മന്ത്രിസഭയുണ്ടാക്കിയതും.

കോണ്‍ഗ്രസില്‍നിന്ന് ഒന്‍പതു പേരെ ബിജെപി പക്ഷത്ത് എത്തിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞു. ഒരു സ്വതന്ത്രനടക്കം മറ്റു പാര്‍ട്ടികളിലെ പത്തുപേര്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസില്‍ ബാക്കിവന്ന 19 പേര്‍ മാത്രമാണു പ്രതിപക്ഷത്തുള്ളത്.

ഗോവ (2017):

40 അംഗ സഭ. 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണം പിടിച്ചതു 13 സീറ്റ് മാത്രമുള്ള ബിജെപി. കോണ്‍ഗ്രസിലെ ഒരംഗത്തെ അടര്‍ത്തിയെടുത്തു. കൂടാതെ മറ്റു പാര്‍ട്ടികളിലെ 10 എംഎല്‍എമാരുടെ പിന്തുണ കൂടി നേടിയെടുത്തു. പ്രതിപക്ഷത്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ 16 എംഎല്‍എമാര്‍ മാത്രമാണ്.

അരുണാചല്‍പ്രദേശ് (2014–2016):

2014ലെ തിരഞ്ഞെടുപ്പില്‍ 60 അംഗസഭയില്‍ 42 സീറ്റ് നേടി കോണ്‍ഗ്രസ് വന്‍വിജയം നേടി. നബാം തുക്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വന്നു. പിന്നീടു തുക്കിക്കു പകരം കോണ്‍ഗ്രസിലെ തന്നെ പേമ ഖണ്ഡു മുഖ്യമന്ത്രിയായി.

2016ല്‍ പേമ ഖണ്ഡു അടക്കം 41 കോണ്‍ഗ്രസ് എംഎല്‍എമാരെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ എത്തിച്ചു. അവിടെ നിന്നു മുഖ്യമന്ത്രിയടക്കം ഭൂരിഭാഗം പേരും ബിജെപിയിലെത്തി. 2014ലെ തിരഞ്ഞെടുപ്പില്‍ 11 പേരെ മാത്രം വിജയിപ്പിച്ച ബിജെപിക്ക് ഇപ്പോള്‍ സഭയില്‍ 48 പേരുടെ പിന്തുണ. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം. മുന്‍മുഖ്യമന്ത്രി നബാം തുക്കിയാണ് ഏക കോണ്‍ഗ്രസ് അംഗം.

മേഘാലയ (2018):

60 അംഗസഭയില്‍ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ ക്ഷണിക്കാതെ 19 സീറ്റ് മാത്രമുണ്ടായിരുന്ന എന്‍പിപിയെയാണു സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. ബിജെപി പിന്തുണച്ച എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി. 28.5% വോട്ടു ലഭിച്ചിട്ടും കോണ്‍ഗ്രസ് അധികാരത്തില്‍നിന്നു പുറത്താക്കപ്പെട്ടു. എന്‍പിപിക്ക് 20% വോട്ടാണു ലഭിച്ചത്.

നാഗാലാന്‍ഡ് (2018)

60 അംഗ സഭയില്‍ ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണം ലഭിച്ചില്ല. 17 സീറ്റ് മാത്രം ലഭിച്ച എന്‍ഡിപിപിയുടെ നേതാവ് നെയ്ഫു റിയോയെയാണു ഗവര്‍ണര്‍ ക്ഷണിച്ചത്. ബിജെപി എന്‍ഡിപിപിയെ പിന്തുണച്ചു. എന്‍പിഎഫിനു 39% വോട്ടു ലഭിച്ചിട്ടും അധികാരത്തില്‍നിന്നു പുറത്തായി.