മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി ബിജെപി ‘റാഞ്ചി’?: മറ്റ് കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി

single-img
18 May 2018

യെഡിയൂരപ്പ സര്‍ക്കാരിന്റെ ഭാവിയില്‍ സുപ്രീംകോടതിയുടെ നിര്‍ണായകതീരുമാനം വരാനിരിക്കെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കളംമാറി. ഇവര്‍ ബിജെപി അനുകൂല നിലപാടെടുത്തേക്കുമെന്നാണ് സൂചന. ബെംഗളൂരുവില്‍ നിന്ന് പുറത്തേക്ക്‌പോയ എംഎല്‍എമാരില്‍ ഇവരില്ല.

അതേസമയം ബെംഗളൂരുവില്‍നിന്ന് മാറ്റിയ ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. രാവിലെയാണ് എംഎല്‍എമാര്‍ ഹൈദരാബാദിലെ റിസോര്‍ട്ടിലെത്തിയത്. നേരത്തെ എംഎല്‍എമാര്‍ കേരളത്തിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

കൊച്ചിയിലെ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലില്‍ നൂറോളം മുറികള്‍ ഇതിനായി ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള ചാര്‍ട്ടേഡ് വിമാനത്തിന് യാത്ര അനുമതി ലഭിക്കാതെ വന്നതോടെ ഈ നീക്കം കോണ്‍ഗ്രസും ജെഡിഎസും ഉപേക്ഷിച്ചു.

എംഎല്‍എമാര്‍ ബെംഗളൂരുവില്‍ തന്നെ തുടരുമെന്നായിരുന്നു രാത്രി വരെ കരുതിയതെങ്കിലും പത്ത് മണിയോടെ ബസുകളില്‍ ഇവരെ പുറത്തേക്ക് കൊണ്ടു വരികയും, ബസുകള്‍ ബെംഗളൂരു ഹൈദരാബാദ് ഹൈവേയില്‍ പ്രവേശിക്കുകയും ചെയ്തു.

ഇന്ന് പുലര്‍ച്ചയോടെ ആന്ധ്രയില്‍ പ്രവേശിച്ച ഈ ബസുകള്‍ അല്‍പസമയം മുന്‍പ് ഹൈദരാബാദിലെ ഒരു റിസോര്‍ട്ടിലെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അതേസമയം കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ ബസില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ, ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെഡിയൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു നല്‍കിയ രണ്ടു കത്തുകള്‍ ഇന്നു സുപ്രീംകോടതിയില്‍ ഹാജരാക്കും. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നല്‍കിയ കത്തില്‍ തങ്ങള്‍ക്കു 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്നു പറഞ്ഞിരുന്നു.

എന്നാല്‍ യെഡിയൂരപ്പ നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിര്‍ത്തി യെഡിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടതി തേടുന്നത്. ഇതിനുള്ള ഉത്തരം യെഡിയൂരപ്പയുടെ കത്തുകളില്‍ ഇല്ലെങ്കില്‍ ഗവര്‍!ണറുടെ തീരുമാനവും സത്യപ്രതിജ്ഞയുള്‍പ്പെടെയുള്ള തുടര്‍നടപടികളും കോടതിക്കു റദ്ദാക്കാനാകും.