കോടതി സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വാദപ്രതിവാദങ്ങള്‍ക്ക്: തങ്ങള്‍ ചെകുത്താനും കടലിനും ഇടയിലായല്ലോയെന്ന് സുപ്രീം കോടതി

single-img
18 May 2018

കര്‍ണ്ണാടകയിലെ രാഷ്ട്രീയകളിയില്‍ സുപ്രീം കോടതിയും വലഞ്ഞു. യെദ്യൂരപ്പയുടെ ഭാവി നിര്‍ണ്ണയിക്കുന്ന തീരുമാനം പറയുന്നതിന്റെ ഇടയിലാണ് കോടതിയുടെ ചെകുത്താന്റെയും കടലിന്റെയും പരാമര്‍ശം. മുതിര്‍ന്ന അഭിഭാഷകനിര ശക്തമായി വാദപ്രതിവാദങ്ങളുമായി നിരന്നപ്പോള്‍ ചെകുത്താന്റെയും കടലിന്റെയും ഇടയ്ക്ക് പെട്ടുപോയ അവസ്ഥയാണ് സമ്മാനിച്ചതെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ഏ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന്റെ ഹര്‍ജി പരിഗണിച്ചത്. വാദിഭാഗത്തിനായി മനു അഭിഷേക് സിംഗ്‌വി ഹാജരായപ്പോള്‍ മുകുള്‍ രോഹ്ത്തഗിയാണ് ബിജെപിക്കായി കോടതിയിലെത്തിയത്. തുടക്കം മുതല്‍ തന്നെ സിംഗ്വിയുടെ മേല്‍ക്കൈ വാദങ്ങളില്‍ പ്രകടമായിരുന്നു.

നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താമോ എന്ന ചോദ്യത്തിന് തയ്യാറെന്ന് ഉടനടി സിംഗ്‌വി മറുപടി നല്‍കിയപ്പോള്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവദിക്കണമെന്നതു മുതല്‍ തിങ്കളാഴ്ച്ച വരെയെങ്കിലും സമയം നീട്ടാമോ എന്നതുവരെയായിരുന്നു റോത്തഗിയുടെ മറുപടി.

സമയം നീട്ടിനല്‍കാനാവില്ലെന്നും നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് എന്ന കോടതി നിര്‍ദേശം വന്നപ്പോഴും ആത്മവിശ്വാസം നിറഞ്ഞതായിരുന്നു സിംഗ്വിയുടെ ശരീരഭാഷ. റോത്തഗിയാവട്ടെ ആദ്യാവസാനം പ്രകടമാക്കിയത് ആശങ്കയുടെ ശരീരഭാഷയും.

ചൂടേറിയ വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ട് കത്ത് നല്‍കിയ ശേഷം എന്തിനാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എകെ സിക്രി ചോദിച്ചു. അത് ഗവര്‍ണറുടെ വിവേചനാധികാരം ആണെന്നായിരുന്നു റോത്ത്ഗിയുടെ മറുപടി.

കോണ്‍ഗ്രസ് സഖ്യം ഹാജരാക്കിയ കത്തില്‍ എല്ലാ എംഎല്‍എമാരുടെയും ഒപ്പില്ലെന്ന് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് 78 അംഗങ്ങളുടെ പേര് മാത്രമാണ് നല്‍കിയതെന്നും അംഗങ്ങള്‍ ഒപ്പിട്ട കത്ത് നല്‍കിയിട്ടില്ലെന്നും മേത്ത പറഞ്ഞു. എന്നാല്‍ ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല.

വാദത്തിനിടെ രണ്ട് നിര്‍ദേശങ്ങളാണ് ബിജെപിക്ക് വേണ്ടി ഹാജരായ റോത്ത്ഗിക്ക് മുന്നില്‍ കോടതി വച്ചത്. ഒന്നുകില്‍ 24 മണിക്കൂറിനകം വിശ്വാസവോട്ട് തേടുക, അല്ലെങ്കില്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയുടെ നിയമവശം പരിശോധിക്കുക.

ഇതില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയാണ് ഏറ്റവും യോജിച്ച മാര്‍ഗമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം തേടണമെന്ന് കോടതി ആവശ്യപ്പെട്ടത്. വിശ്വാസവോട്ട് തേടാനുള്ള ആദ്യ അവസരം തങ്ങള്‍ക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നിലവില്‍ ഒരു സര്‍ക്കാര്‍ ഉള്ളതിനാല്‍ ആവര്‍ ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

എംഎല്‍എമാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. എല്ലാ എംഎല്‍എമാര്‍ക്കും സുരക്ഷിതരായി സഭയിലെത്തി വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് കര്‍ണാടക ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി.

ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എ നാമനിര്‍ദ്ദേശം ചെയ്യരുത്. രഹസ്യ വോട്ടെടുപ്പ് പാടില്ല. ഇതോടെ എല്ലാ എംഎല്‍എമാരും പരസ്യമായി തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും. ഈ കാര്യങ്ങള്‍ സുപ്രീംകോടതി എടുത്തു പറഞ്ഞു. യാതൊരു തരത്തിലുമുള്ള കുതിരകച്ചവടം നടക്കരുതെന്ന കരുതലെടുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

എന്നാല്‍ സുപീംകോടതിയുടെ നടപടി ബിജെപിക്ക് കനത്ത തിരിച്ചടിയായി. അതേസമയം കോടതിയുടെ തീരുമാനം കോണ്‍ഗ്രസിനെയും ജെഡിഎസിനെയും ആശ്വസം നല്‍കി. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് എംഎല്‍എമാരെ ഹൈദ്രാബാദില്‍ നിന്ന് ബംഗളൂരുവില്‍ എത്തിക്കുവാനുള്ള സമയം ലഭിച്ചുവെന്നത് ഏറെ ആശ്വാസകരമാണ്.

ഇതിനിടെ ബിജെപി എംഎല്‍എ ശോഭാ കരന്തലജെ തങ്ങള്‍ക്ക് 120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. കേവലഭൂരിപക്ഷം തെളിയിക്കാന്‍ തിങ്കളാഴ്ച്ചവരെയുള്ള സമയവും രഹസ്യ ബാലറ്റും വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദവും സുപ്രീംകോടതി തള്ളിയത് കേന്ദ്രസര്‍ക്കാറിനേറ്റ തിരിച്ചടിയായി.

ഇതിനിടെ കര്‍ഷക പ്രീണനത്തിനും ന്യൂനപക്ഷ പ്രീണനത്തിനുമായി യെദ്യൂരപ്പ അധികാരമേറ്റെടുത്തയുടനെ സ്വീകരിച്ച നടപടികളൊന്നും തന്നെ സര്‍ക്കാറിന്റെ രക്ഷയ്‌ക്കെത്തില്ല. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ഉത്തരവുകളെല്ലാം തന്നെ അസാധുവാകും.

വിശ്വാസവേട്ടെടുപ്പ് ഏങ്ങനെ വേണമെന്ന് പ്രോട്ടം സ്പീക്കര്‍ തീരുമാനിക്കും. ആര്‍.വി.ദിനേശ് പാണ്ഡേയ്‌ക്കോ ഉമേഷ് കട്ടിയോ പ്രോട്ടേം സ്പീക്കറാകാന്‍ സാധ്യതയുണ്ട്. ഏറ്റവും പ്രായം കൂടിയ എംഎല്‍എയാവണം പ്രോട്ടേം സ്പീക്കറാക്കേണ്ടതെന്ന് സുപ്രീകോടതി ആവശ്യപ്പെട്ടതിനനുസരിച്ചാണിത്.