കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് അപമാനം; ഉമ്മന്‍ചാണ്ടി

single-img
18 May 2018

തിരുവനന്തപുരം: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് രാജ്യത്തിനാകെ അപമാനമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

രണ്ടു ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞടുപ്പിനു ശേഷം സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട അംഗ സംഖ്യയുമായി ഗവര്‍ണറെ സമീപിക്കുമ്പോള്‍ ഭരണഘടനാ ചുമതലയുള്ള അദ്ദേഹം തന്നെ സമീപിക്കുന്നവരെ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ തന്റെ രാഷ്ട്രീയം രാജ്ഭവനില്‍ പുറത്തെടുത്തത് കേട്ട് കേള്‍വിയില്ലാത്തതും, രാജ്യത്തിനൊന്നാകെ അപമാനം വരുത്തിയതുമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ലോകത്തിനു മുന്നില്‍ നമ്മുടെ രാജ്യത്തെ നാണം കെടുത്തിയതിനു നരേന്ദ്ര മോദിയും, ബിജെപിയും കനത്ത വില കൊടുക്കേണ്ടി വരും. മണിപ്പൂര്‍, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സഖ്യം രൂപീകരിക്കുയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസ്സിനെ മറികടന്നു ഗവര്‍ണറുടെ സഹായത്തോടെ സര്‍ക്കാരുകള്‍ രൂപീകരിക്കുകയും ചെയ്തിട്ട് അധിക കാലമായിട്ടില്ല. ആ സാഹചര്യം നില നില്‍ക്കുമ്പോഴാണ് കര്‍ണാടകയില്‍ ഗവര്‍ണറുടെ ഇത്തരമൊരു നടപടി.

തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ആര്‍ക്കും നേടാനാകാത്ത സാഹചര്യം വരുമ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത് കീഴ്‌വഴക്കമാണ്. എന്നാല്‍ കോണ്‍ഗ്രസ്സും, ജനതാദള്‍ സെക്കുലറും ചേര്‍ന്ന് കേവല ഭൂരിപക്ഷത്തിനേക്കാള്‍ അംഗ സംഖ്യയുമായി ഗവര്‍ണറെ സമീപിച്ചപ്പോള്‍ അവസരം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതാണ്. ഇത്തരം നീക്കങ്ങളിലൂടെ അധികാരത്തില്‍ ഇരിക്കുന്നവര്‍ നമ്മുടെ രാജ്യത്തെ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നത്.

അവകാശവാദം ഉന്നയിച്ച ബി ജെ പിക്ക് ഏഴു ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കുന്നതിന് പകരം 15 ദിവസം നല്‍കി കൊണ്ട് കുതിര കച്ചവടം നടത്താനാണ് ഗവര്‍ണര്‍ മൗനാനുവാദം നല്‍കിയത്.

തങ്ങളുടെ ചൊല്‍പ്പിടിയില്‍ ഉള്ള ഒരു ഗവര്‍ണര്‍ ഉണ്ടെങ്കില്‍ ജനങ്ങളുടെ വോട്ടും, തിരഞ്ഞെടുപ്പ് സംവിധാനവുമെല്ലാം നിഷ്പ്രഭമാക്കാമെന്ന സ്ഥിതിയാണ് കര്‍ണാടക നമ്മളെ പഠിപ്പിക്കുന്നത്. ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരും ഇതിനെതിരെ അതിശക്തമായി പ്രധിഷേധിക്കേണ്ടതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.