കേരളവും ബംഗാളും പിടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് അമിത് ഷാ

single-img
18 May 2018

കേരളം, ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കുകയാണ് ബി.ജെ.പി.യുടെ അടുത്ത ലക്ഷ്യമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരകൊണ്ട് അവസാനിപ്പിക്കുകയില്ല. വരാനിരിക്കുന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങണമെന്നും ഷാ നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന പോഷകസംഘടനാ നേതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ഏഴ് പോഷകസംഘടനകളുടെ സംയുക്തയോഗം ദേശീയതലത്തില്‍ ബി.ജെ.പി. വിളിച്ചുചേര്‍ക്കുന്നത്.

യുവമോര്‍ച്ച, കിസാന്‍മോര്‍ച്ച, മഹിളാമോര്‍ച്ച, പട്ടികജാതി മോര്‍ച്ച, പട്ടികവര്‍ഗ മോര്‍ച്ച, ഒ.ബി.സി. മോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച എന്നീ പോഷകസംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് യോഗത്തില്‍ പങ്കെടുത്തത്. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരുന്നു പ്രധാന അജന്‍ഡ.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബൂത്തുതലംമുതല്‍ സംസ്ഥാനതലംവരെ പോഷകസംഘടനകളെ ശക്തിപ്പെടുത്തണമെന്ന് അമിത് ഷാ പറഞ്ഞു. ഇതിനായി കര്‍മപദ്ധതികള്‍ തയ്യാറാക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ താഴെത്തട്ടിലെത്തിക്കണം.

ജൂണിനുമുന്‍പ് വീടുകള്‍ തോറും കയറിയിറങ്ങി ജനബന്ധം ശക്തമാക്കണം. പ്രദേശത്തെ പ്രമുഖരുമായി സമ്പര്‍ക്കം പുലര്‍ത്തണം. ജൂണില്‍ അമിത്ഷാ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തില്‍വെച്ച് പ്രവര്‍ത്തനപുരോഗതി വിലയിരുത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി സമാപനച്ചടങ്ങില്‍ സംസാരിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി മോര്‍ച്ചകള്‍ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചിലര്‍ക്ക് കുടുംബം ആദ്യവും രാജ്യം പിന്നീടുമായിരുന്നു. എന്നാല്‍, ബി.ജെ.പി.ക്ക് രാജ്യത്തിന്റെ കാര്യങ്ങള്‍ ആദ്യം എന്ന നിലപാടാണുള്ളതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.