ഷാഫി പറമ്പില്‍ എംഎല്‍എ കര്‍ണാടകയില്‍ അറസ്റ്റില്‍

single-img
17 May 2018

 

ബംഗളുരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ യെദ്യൂരപ്പയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷാഫി പറമ്പിലിനൊപ്പം നൂറോളം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി വരികയാണ്.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, അശോക് ഗെഹ്‌ലോട്ട്, ഗുലാംനബി ആസാദ്, കെ.സി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ജനതാദള്‍ സെക്കുലര്‍ നേതാവ് എച്ച്.സി.ദേവെഗൗഡയും പ്രതിഷേധത്തില്‍ പങ്കാളിയാകുന്നുണ്ട്.

പിന്തുണയ്ക്കുന്ന മുഴുവന്‍ എംഎല്‍എമാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഷേധത്തിനാണു ലക്ഷ്യമിട്ടതെങ്കിലും ജെഡിഎസ് എംഎല്‍എമാര്‍ക്ക് വിധാന്‍ സൗധയിലേയ്ക്കു പ്രവേശിക്കാനായില്ല. അതേസമയം, കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ ഒരു എംഎല്‍എയുടെ കാര്യത്തില്‍ മാത്രമേ സ്ഥിരീകരണമുണ്ടായിട്ടുള്ളൂ. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ്ങിനെ ബിജെപി ഹൈജാക്ക് ചെയ്തതായി കോണ്‍ഗ്രസ് എംപി ഡി.കെ.സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണു ആനന്ദ് സിങ് പങ്കെടുക്കാത്തതെന്നാണു കെ.സി.വേണുഗോപാലിന്റെ വിശദീകരണം.

കുതിരക്കച്ചവടത്തിനു കോണ്‍ഗ്രസുകാരെ കിട്ടില്ല. എല്ലാ എംഎല്‍എമാരും കസ്റ്റഡിയില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിന്തുണക്കത്ത് നാളെ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി വിധിയെ രാവിലെത്തന്നെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരുന്നു.