സുല്‍ഫത്ത് വക്കീലിനെയാണ് കെട്ടിയത്; സിനിമ നടനെയല്ല; മുകേഷിന്റെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി

single-img
17 May 2018

സിനിമയിലെ തിരക്ക് കാരണം പലപ്പോഴും താരങ്ങള്‍ക്ക് കുടുംബവുമൊന്നിച്ച് സമയം ചിലവിടാന്‍ അവസരങ്ങള്‍ കുറവായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങള്‍ക്കിടയിലെ അപവാദമാണ് മമ്മൂട്ടി. കാരണം തിരക്കുപിടിച്ച ജീവിതത്തിലും അദ്ദേഹം കുടുംബബന്ധം അതുപോലെ തന്നെ കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധ നല്‍കാറുണ്ട്.

മമ്മൂട്ടിയുടെ കുടുംബസ്‌നേഹത്തെപറ്റി മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ‘മമ്മൂക്ക വലിയൊരു ഫാമിലി മാന്‍ ആണ്. ഷൂട്ട് കഴിഞ്ഞ് ഒരുമിനിറ്റ് പോലും നില്‍ക്കില്ല, അപ്പോള്‍ തന്നെ വീട്ടിലേക്ക് പോകും.

ഉച്ചയ്ക്ക് എറണാകുളത്ത് ഏതെങ്കിലും ഒരു സ്ഥലത്ത് അതെത്ര ദൂരമാണെങ്കിലും വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. ഇനി ഇപ്പോള്‍ കാശ്മീരോ മറ്റെവിടെയങ്കിലും ആണ് ഷൂട്ട് എങ്കില്‍ വൈകിട്ട് വീട്ടിലേയ്ക്ക് വിളിക്കും. സുഖവിവരം അന്വേഷിക്കും, ആ കതക് പൂട്ടിയോ, ജനല് അടച്ചോ ഇതൊക്കെ ചോദിച്ചതിന് ശേഷം ഒരു സമാധാനത്തോടെയാണ് അദ്ദേഹം ഉറങ്ങാന്‍ പോകുന്നത്.

ഞാന്‍ ഇക്കാര്യം മമ്മൂക്കയോട് ചോദിച്ചു. ‘നിങ്ങള്‍ കുടുംബത്തോട് വളരെയധികം അറ്റാച്ച്ഡ് ആണല്ലോ’. അപ്പോള്‍ അദ്ദേഹം എനിക്ക് തന്നൊരു മറുപടി പ്രസക്തമാണ്. ‘നമ്മള്‍ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല.

വക്കീലാകുമ്പോള്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചുവരും. സന്തോഷമായി ജീവിക്കാം. സിനിമാനടനായപ്പോള്‍ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാന്‍. അങ്ങനെയൊരു ചിന്ത അവര്‍ക്ക് കൊടുക്കരുത്.’ഇങ്ങനെയായിരുന്നു മമ്മൂട്ടി എന്നോട് പറഞ്ഞത്. കുടുംബബന്ധത്തിന്റെ അടിത്തറയില്‍ ഇതൊരു പ്രധാനകാര്യം തന്നെയാണ്.’മുകേഷ് പറഞ്ഞു.