കർണാടകയിൽ ഇവിഎം ഹാക്ക് ചെയ്തു; ഏഴംഗസംഘം പിടിയിൽ: എതിർ സ്ഥാനാർത്ഥികളുടെ വിജയത്തിൽ സംശയം പ്രകടിപ്പിച്ച് തോറ്റ സ്ഥാനാർഥികൾ രംഗത്ത്

single-img
17 May 2018

 

കർണാടക തെരഞ്ഞെടുപ്പിൽ ഇവിഎം ഹാക്ക് ചെയ്തു എന്നാരോപിച്ച് ഏഴംഗസംഘത്തെ പിടികൂടി നാട്ടുകാർ പൊലീസിനെ ഏൽപ്പിച്ചു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികൾ തന്നെയാണ് ഏഴംഗസംഘത്തെ പിടികൂടി നരസിംഹ രാജ (എൻ.ആർ) പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

തെരഞ്ഞെടുപ്പിനു മുൻപ് ഏഴ് പേരടങ്ങുന്ന ഈ സംഘം തങ്ങളെ സമീപിക്കുകയും ഇവിഎമ്മുകൾ ഹാക്ക് ചെയ്ത് ജയം ഉറപ്പിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തതായും പ്രദേശത്തെ തോറ്റ സ്ഥാനാർഥികൾ പൊലീസിനോട് പറഞ്ഞു.

തങ്ങൾ അവരുടെ വാഗ്ദാനങ്ങൾ നിരസിച്ച് മടക്കിയ അയയ്ക്കുകയാണുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഘം ഇ.വി.എമ്മുകൾ ഹാക്ക് ചെയ്ത് തങ്ങളുടെ എതിർ സ്ഥാനാർത്ഥികളെ സഹായിച്ചതുകൊണ്ട് മാത്രമാണ് തങ്ങൾ പരാജയപ്പെട്ടത് എന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികൾ അവകാശപ്പെട്ടു.

ചാമരാജ, കെ.ആർ എന്നീ മണ്ഡലങ്ങളിൽ വിജയിച്ചത് ബിജെപി സ്ഥാനാർഥികളായ എൽ. നാഗേന്ദ്രയും എസ്.എ. രാമദാസുമാണ്. എന്നാൽ, സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യൽ അസാധ്യമാണെന്നാണ് ഡെപ്യൂട്ടി കമ്മീഷണർ അഭിരാം ജി ശങ്കറിന്റെ പ്രതികരണം.