എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള കരുനീക്കം ശക്തമാക്കി ബിജെപി: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ: ഒരു സ്വതന്ത്ര അംഗം ബിജെപി പക്ഷത്തേക്ക്

single-img
16 May 2018

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ആശ്വാസം പകര്‍ന്ന് സ്വതന്ത്ര എം.എല്‍.എ ആര്‍.ശങ്കര്‍. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ആര്‍.ശങ്കര്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ യെദ്യൂരപ്പയെ വീട്ടിലെത്തി കണ്ടു.

കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടിയുടെ ബാനറില്‍ റാണിബെന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ആര്‍ ശങ്കര്‍ 63910 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്റെ കേവല ഭൂരിപക്ഷം വേണമെങ്കിലും 104 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ആര്‍.ശങ്കറിന്റെ പിന്തുണ കൂടി ലഭിക്കുകയാണെങ്കില്‍ ഇനി ഏഴ് പേരുടെ കൂടെ പിന്തുണ ലഭിച്ചാല്‍ മതിയാവും.

ഇതിനിടെ അധികാരം പിടിക്കാന്‍ എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള കരുനീക്കം ബിജെപി ശക്തമാക്കി. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും എംഎല്‍എമാരെ വാഗ്ദാനങ്ങളുമായി ബിജെപി സമീപിച്ചു തുടങ്ങി. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ സമീപിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ വെളിപ്പെടുത്തി. ഏതുവിധേനയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാക്കള്‍ ഇന്നും ആവര്‍ത്തിച്ചു.

കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തകര്‍ക്കാനുള്ള ചുമതല ബിജെപി ബി.ശ്രീരാമുലുവിന് നല്‍കി. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ബന്ധപ്പെടുന്നുണ്ടെന്ന് കെ.എസ്.ഈശ്വരപ്പ സ്ഥിരീകരിച്ചു. ബിജെപി ബി.എസ്.യെഡിയൂരപ്പയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. യെഡിയൂരപ്പ ഇന്നും ഗവര്‍ണറെ കാണുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

ബി.െജ.പിയുടെ കുതിരക്കച്ചവടം പ്രതിരോധിക്കാന്‍ മറുതന്ത്രങ്ങളുമായി കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തിയതോടെ വോട്ടിനേക്കാള്‍ വീറും വാശിയുമുള്ള തട്ടകമായി ബെംഗളൂരു. ഇപ്പോള്‍ ചേരുന്ന നിയമസഭാകക്ഷിയോഗം കഴിഞ്ഞാല്‍ എംഎല്‍എമാരെ ഏതെങ്കിലും റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം. ജെ.ഡി.എസ് എംഎല്‍എമാരെയും ബെംഗളൂരുവിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റി. ജെ.ഡി.എസ് എം.എല്‍.എമാരുടെ യോഗം ഇന്ന് ചേരും.