ഹാജര്‍ വിളിക്കുമ്പോള്‍ ‘ജയ്ഹിന്ദ്’ എന്ന് പറയണം; രാജ്യസ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ വിചിത്ര നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

single-img
16 May 2018

സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ‘യെസ് മാം’ എന്ന് നീട്ടി വിളിക്കുന്ന രീതി ഉപേക്ഷിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന് ജയ് ഹിന്ദ് എന്ന് പറയണമെന്ന് ബി.ജെ.പി സര്‍ക്കാര്‍ സ്‌കൂളുകളോട് നിര്‍ദേശിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സത്‌ന ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയിരുന്നു. യെസ് മാം, യെസ് സര്‍ പോലുള്ള പ്രയോഗം കുട്ടികളില്‍ രാജ്യ സ്‌നേഹം വളര്‍ത്തില്ലെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ 1.22 ലക്ഷം സ്‌കൂളുകളില്‍ ജയ് ഹിന്ദ് നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യ സ്‌കൂളുകളില്‍ ഇത് ഐച്ഛികമാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.