മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിന് നിങ്ങളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ടോ?: എങ്കില്‍ ആ കേസ് റദ്ദാക്കാം

single-img
16 May 2018

കൊച്ചി: വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. നിലവില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിയമത്തിലില്ല.

ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. നിലവില്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് കേസ് എടുക്കാറുള്ളത്.

ഇത്തരത്തില്‍ കേസെടുത്ത പൊലീസിനെതിരെ എറണാകുളം സ്വദേശിയായ എം.ജെ. സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് പൊലീസിന് കേസെടുക്കാനാവില്ലെന്ന് കോടതി വിധിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കുന്നത് പൊതുജനത്തിന് അപകടമുണ്ടാക്കുമെന്നാണ് പൊലീസ് വാദം.

എന്നാല്‍ മൊബൈലില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരെ അത്തരമൊരു അപകടം ഉണ്ടാക്കാത്തിടത്തോളം കേസെടുക്കാനാവില്ലെന്നും കേസെടുക്കണമെങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബില്‍ നിയമസഭയില്‍ പാസാക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ എവിടെയെങ്കിലും പോലീസ് ഇത്തരത്തില്‍ കേസ് എടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കേസില്‍ പ്രതിയാക്കപ്പെട്ടയാള്‍ക്ക് കേസ് നിലവിലുള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം.