‘മോദി മാജിക്’ വീണ്ടും: കര്‍ണാടകയിലും താമര വിരിഞ്ഞു: കോണ്‍ഗ്രസിന് തിരിച്ചടിയായത് രാഹുലിന്റെ ഗുജറാത്ത് മോഡല്‍ പ്രചരണം?

single-img
15 May 2018

ഒരിടവേളയ്ക്കു ശേഷം കന്നടമണ്ണില്‍ ഒരിക്കല്‍ക്കൂടി താമര വിടരുന്നു. കോണ്‍ഗ്രസിനെ ‘കയ്യോടെ’ പിഴുതെറിഞ്ഞായിരുന്നു കാവിപ്പടയുടെ മുന്നേറ്റം. അഴിമതിക്കറ പുരണ്ട ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെഡിയൂരപ്പയേയും കേന്ദ്രവിരുദ്ധ നയങ്ങളും എടുത്തു കാട്ടി വിജയം കൊയ്യാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി. ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാജിക് എന്നുതന്നെ കരുതണം.

അതേസമയം വര്‍ഷങ്ങളായി ബിജെപി ഭരണം നടത്തിയിരുന്ന ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ശേഷം വിറപ്പിക്കാന്‍ സാധിച്ചെങ്കിലും കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള കര്‍ണാടകത്തില്‍ വന്‍ തിരിച്ചടി നേരിട്ടത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഗുജറാത്തില്‍ വിവിധ സമുദായങ്ങളുടേയും കക്ഷികളുടെയും പിന്തുണ നേടാന്‍ സാധിച്ചെങ്കിലും കര്‍ണാടകത്തില്‍ അതും സാധിച്ചില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകുന്നത്.

കോണ്‍ഗ്രസിന് ഏറ്റ കനത്ത പരാജയം രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ ഏശിയില്ലെന്നാണ് സൂചിപ്പിക്കുന്നത്. ക്ഷേത്രങ്ങള്‍ അടക്കം സന്ദര്‍ശിച്ച് ഗുജറാത്ത് മോഡല്‍ പ്രചരണത്തിന് രാഹുല്‍ തുടക്കം കുറിച്ചെങ്കിലും അതും ഏറ്റില്ല. കോണ്‍ഗ്രസിനെതിരെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതിരുന്നിട്ടും അത് വോട്ടാക്കി മാറ്റുവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

ലിംഗായത്ത് സമുദായത്തെ പ്രത്യേകമതമായി പ്രഖ്യാപിക്കുകയും ന്യൂനപക്ഷ പദവി നല്‍കുന്നുതിനുമുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് വിടുകയും ചെയ്ത് രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റിയെങ്കിലും ഗുണമായില്ലെന്ന് വേണം കരുതാന്‍.

ഏറെ പ്രതീക്ഷയുണ്ടായിരുന്ന ലിംഗായത്ത് മേഖലകള്‍ കോണ്‍ഗ്രസിനെ ചതിച്ചു. ബെഗളൂരു മേഖലകളില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ജെഡിഎസിനു ചോര്‍ന്നതായും നേതൃത്വം വിലയിരുത്തി. പ്രചാരണത്തില്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും പറ്റിയ പിഴവുകളും പാളിച്ചകളും ആയിരുന്നു കോണ്‍ഗ്രസ് അവസാന ഘട്ടത്തില്‍ ആയുധമാക്കിയത്. ജനറല്‍ കരിയപ്പയുടെ കാര്യത്തിലും ഭഗത് സിങിനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന് പ്രയോഗത്തിലും പ്രധാനമന്ത്രി നുണപ്രാചരകനായെന്ന് പ്രതിപക്ഷം ഒന്നടങ്കം തെളിവുനിരത്തി. അതും ക്ലച്ച് പിടിച്ചില്ല.

നേരത്തെ, പോളിങ്ങില്‍ ചരിത്രം പിറന്നപ്പോള്‍ ഇരുമുന്നണികളുടേയും പ്രതീക്ഷകള്‍ വാനോളമായിരുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പോളിങ്ങാണു മേയ് 12 ന് രേഖപ്പെടുത്തിയത്. 72.36% വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തി. ഇതിനു മുമ്പ് 1978ല്‍ രേഖപ്പെടുത്തിയ 71.90 ശതമാനമാണു റെക്കോര്‍ഡ്. കഴിഞ്ഞ തവണയും ഭേദപ്പെട്ട പോളിങ്ങായിരുന്നു, 2013 ല്‍ 71.45% രേഖപ്പെടുത്തി. ഇതോടെ മൊത്തം മൂന്നു തവണ പോളിങ് ശതമാനം 70 കടന്നു.

കര്‍ണാടകത്തിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പോളിങ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ തവണ വിജയം കോണ്‍ഗ്രസിനായിരുന്നു. രണ്ടു തവണ 70% കടന്നപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. സാമാന്യം ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയ 1999, 1989 വര്‍ഷങ്ങളിലും ജയം കോണ്‍ഗ്രസിനു തന്നെയായിരുന്നു. ഈ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി.

ഇന്നു വോട്ടെണ്ണിത്തുടങ്ങിയപ്പോഴും കോണ്‍ഗ്രസിനു തന്നെയായിരുന്നു നേരിയ മുന്‍തൂക്കം. തീരമേഖലയിലെ വോട്ടുകളായിരുന്നു കോണ്‍ഗ്രസിനെ തുണച്ചത്. എന്നാല്‍ പതുക്കെ ബിജെപി ലീഡ് നില ഉയര്‍ത്തി. പിന്നെ തിരിഞ്ഞു നോക്കാത്ത മുന്നേറ്റം.

പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ മേല്‍ക്കൈയും ഈ പ്രചാരണങ്ങള്‍ക്കായിരുന്നു. അപ്പോഴും വിജയം ബിജെപിക്ക് ഒപ്പം നിന്നുവെന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാര്‍ട്ടി വര്‍ഷങ്ങളായി തുടരുന്ന മേല്‍ക്കൈ അരക്കിട്ടുറപ്പിക്കുന്നു.