60 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇനി ഭരണം രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം

single-img
15 May 2018

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണം അവശേഷിച്ചിരുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍കൂടി പാര്‍ട്ടി വീണതോടെ കോണ്‍ഗ്രസ് ഭരണം രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഒതുങ്ങി. പഞ്ചാബ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും മാത്രമാണ് നിയമസഭകളില്‍ കോണ്‍ഗ്രസ് ഭരണം.

കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിച്ചതോടെ ഇന്ത്യയൊട്ടാകെ ഏതാണ്ട് പൂര്‍ണമായി ബിജെപിയുടെ കാവിപ്പതാകയ്ക്കുള്ളിലായി. ഒറ്റയ്ക്കും സഖ്യമായും ഇന്ത്യയുടെ വടക്കേ അറ്റമായ ജമ്മു കശ്മീര്‍ മുതല്‍ തെക്ക് കര്‍ണാടകവരെയും പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് അരുണാചല്‍പ്രദേശ് വരെയും ബിജെപിയുടെ കാവിപ്പതാകയുടെ അധികാരത്തിന് കീഴിലായി ഇന്ത്യ.

തെക്ക് തെലുങ്കാനയും കേരളവും മാത്രമാണ് ഈ പതാകയ്ക്ക് പുറത്ത് നില്‍ക്കുന്നത്. കിഴക്ക് പശ്ചിമബംഗാളും മിസോറാമും മധ്യത്തില്‍ ദില്ലിയും പഞ്ചാബും മാത്രമാണ് ബിജെപി പുതപ്പിച്ച കാവിപ്പുതപ്പിന് വീണ ദ്വാരമായി നില്‍ക്കുന്നത്. തെക്കേ ഇന്ത്യയില്‍ അടുത്തകാലത്ത് ആന്ധ്രപ്രദേശില്‍ എന്‍ഡിഎ സഖ്യകക്ഷിയായ തെലുഗ് ദേശം പാര്‍ട്ടി മുന്നണി വിട്ടത് മാത്രമാണ് ബിജെപിക്ക് ആകെയുണ്ടായ തിരിച്ചടി.

ആന്ധ്രാപ്രദേശിന്റെ അയല്‍സംസ്ഥാനങ്ങളായ ഒഡീഷയില്‍ ബിജു ജനതാദളും തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമാണ് ഭരിക്കുന്നതെങ്കിലും ഇരുപാര്‍ട്ടികളും പലപ്പോഴും ബിജെപിയോട് ചായ്‌വ് പുലര്‍ത്തുന്നവയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അടക്കം ഇരുപാര്‍ട്ടികളും ബിജെപിയെയാണ് പിന്തുണച്ചത്.

നരേന്ദ്രമോദി അധികാരമേല്‍ക്കുമ്പോള്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് ആകെ ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭരണം നടത്തിയിരുന്നത്. ബിജെപി തനിച്ച് നാല് സംസ്ഥാനങ്ങളില്‍ മാത്രം. ഈ നിലയില്‍ നിന്ന് ഇന്ന് കര്‍ണാടകയില്‍ കൂടി കൂടി ഭരണം പിടിക്കുമ്പോള്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു ബിജെപിയുടെ ശക്തി. പഞ്ചാബ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തും മാത്രം ഒതുങ്ങിയിരിക്കുന്നു കോണ്‍ഗ്രസ് ഭരണം.

മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി തനിച്ചാണ് ഭരണം നടത്തുന്നത്. ബിഹാറിലും ജമ്മു കശ്മീരിലും യഥാക്രമം ജെഡിയു, പിഡിപി എന്നീ പാര്‍ട്ടികളുമായുള്ള സഖ്യസര്‍ക്കാരിലും ബിജെപി പങ്കാളികളായതോടെ പഞ്ചാബും സംസ്ഥാന സര്‍ക്കാരിന് അധികാരപരിധികളുള്ള കേന്ദ്രഭരണ പ്രദേശമായ ദില്ലിയുമൊഴികെയുള്ള എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിന്‍ കീഴിലായിരിക്കുകയാണ്.

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ ത്രിപുര ബിജെപി തനിച്ചും എന്‍സിപി കോണ്‍ഗ്രസ് സഖ്യം ഭരിച്ചിരുന്ന മേഘാലയ എന്‍പിപിയുമായി ചേര്‍ന്നും പിടിച്ചെടുത്തതോടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മമത ബാനര്‍ജിയുടെ പശ്ചിമബംഗാളും കോണ്‍ഗ്രസ് ഭരണത്തിലുള്ള മിസോറാമും മാത്രമായി ബിജെപി പതാകയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങള്‍.

ആസാം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റയ്ക്കാണ് അധികാരത്തില്‍. സിക്കിമിലും നാഗാലാന്റിലും സഖ്യസര്‍ക്കാരുകളില്‍ ബിജെപി അംഗമാണ്. സഖ്യം ചേര്‍ന്ന് അധികാരം പിടിക്കുകയെന്ന നയമാണ് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സ്വീകരിച്ചത്. ഇതോടെയാണ് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറാം ഒഴികെയുള്ളിടങ്ങളില്‍ ബിജെപി അധികാരത്തിലെത്തിയത്.

ഡിടിപി ഭരിക്കുന്ന ആന്ധ്രാപ്രദേശ്, ടിആര്‍എസ് ഭരിക്കുന്ന തെലങ്കാന, ഇടതുസഖ്യം ഭരിക്കുന്ന കേരളം, കോണ്‍ഗ്രസ് ഭരണത്തിലുള്ള കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി അധികാരത്തിന് പുറത്ത് നില്‍ക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ അവിടെ ഇനി ഇത്രകാലം കോണ്‍ഗ്രസ് ഭരണമുണ്ടാകുമെന്ന് ഉറപ്പിക്കാനുമാകില്ല. നിലവില്‍ മിസോറാമില്‍ വന്‍ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. 2013 ലെ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 34 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് നേടിയത്. സഖ്യകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അഞ്ച് സീറ്റുകളും നേടി ഏകപക്ഷീയമായ ഭരണമാണ് നടത്തുന്നതെങ്കിലും അടുത്ത നിയമസഭയില്‍ ഈ ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉണ്ടാകുമോ എന്ന് കണ്ടറിയണം. നിയമസഭയില്‍ എങ്ങനെയും അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യം മുന്നില്‍വച്ച് ആദിവാസി, ഗോത്രവിഭാഗങ്ങളെ ഒപ്പം കൂട്ടിയുള്ള തന്ത്രങ്ങള്‍ ഇതിനകം ബിജെപി ആവിഷ്‌കരിച്ചുകഴിഞ്ഞു.

കോണ്‍ഗ്രസ് വിമുക്തഭാരതം എന്ന് മുദ്രാവാക്യമുയര്‍ത്തി ഇന്ത്യയൊട്ടാകെ കാവിപുതപ്പിക്കാനുള്ള നീക്കത്തില്‍ വിജയം ഉറപ്പിച്ച് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നില്‍ക്കുമ്പോള്‍ 2019 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം കോണ്‍ഗ്രസിന് എത്രമാത്രം പ്രാപ്യമാണ് എന്നത് വലിയ ചോദ്യചിഹ്നം തന്നെയാണ്.