ബിജെപിക്ക് ഭൂരിപക്ഷമില്ല: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കങ്ങള്‍

single-img
15 May 2018

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് നില കുറയുന്നു. വോട്ടെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ 106 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. നേരത്തേ, കേവലഭൂരിപക്ഷം കടന്ന് 121 സീറ്റുകളില്‍ ബിജെപി ലീഡ് വര്‍ധിപ്പിച്ചിരുന്നു.

കോണ്‍ഗ്രസ് 73 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് 40 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മറ്റു കക്ഷികള്‍ മൂന്നു സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഈ സാധ്യത മുതലെടുത്ത് കോണ്‍ഗ്രസ് നിര്‍ണായക നീക്കങ്ങള്‍ നടത്തി തുടങ്ങി.

നാല്‍പതോളം സീറ്റു നേടി നിര്‍ണായക സാന്നിധ്യമായി മാറിയ ജെഡിഎസിനെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. സഖ്യത്തിനു തയാറാണെങ്കില്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് വാഗ്ദാനം. സോണിയാ ഗാന്ധി നേരിട്ടിടപെട്ടാണ് സഖ്യചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം.

എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യസാധ്യതകളായിരുന്നു ചര്‍ച്ചാ വിഷയം. ഇതിനു പിന്നാലെ ദേവെഗൗഡ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഫലം പൂര്‍ണമായി പുറത്തുവന്നിട്ടു മാത്രം പരസ്യ പ്രതികരണം എന്ന നിലപാടാണ് ജെഡിഎസ് നേതാക്കളുടേത്.

ഫലസൂചനകള്‍ ഏതാണ്ട് വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113 സീറ്റുകള്‍ ബിജെപിക്കു ലഭിക്കാന്‍ സാധ്യത വിരളമാണ്. നിലവില്‍ 106–107 സീറ്റുകള്‍ എന്ന നിലയിലാണ് ബിജെപി മുന്നേറ്റം.

കോണ്‍ഗ്രസ്, ജെഡിഎസ് ഇതര കക്ഷികളെ കൂട്ടുപിടിച്ചാലും നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് 113 എന്ന മാന്ത്രികസംഖ്യയിലെത്താനാകില്ല. കോണ്‍ഗ്രസ് 73 സീറ്റിലും ജെഡിഎസ് 40 സീറ്റിലും ലീഡ് ചെയ്യുന്നതിനാല്‍ ഇരുവരും ഒരുമിച്ചാല്‍ ഭരണം കിട്ടാന്‍ സാധ്യതയും നിലനില്‍ക്കുന്നു. ഇതു മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

മോദി-അമിത് ഷാ നുണക്കഥകള്‍ പ്രചരണ വിഷയമാക്കി; അഴിമതിക്കറ പുരണ്ട യെദ്യൂരപ്പയേയും കേന്ദ്രവിരുദ്ധ നയങ്ങളും എടുത്തു കാട്ടി: ലിംഗായത്തുകളുടെ പിന്തുണയും ഉറപ്പാക്കി; എന്നിട്ടും എങ്ങനെ കോണ്‍ഗ്രസ് തോറ്റു ?