ഗോവയിലെ ബിജെപിയുടെ തന്ത്രം കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചുപയറ്റി: ഗൂഡനീക്കങ്ങളുമായി  കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്ക്

single-img
15 May 2018


ബംഗളൂരു: കോണ്‍ഗ്രസ് നീക്കത്തില്‍ ആദ്യമൊന്ന് പകച്ച ബിജെപിയും ജെഡിഎസിന്റെ പിന്തുണ തേടി രംഗത്തുവന്നതോടെ കര്‍ണാടകയിലേക്ക് രാജ്യശ്രദ്ധ തിരിഞ്ഞു. ജെഡിഎസിന്റെ സര്‍ക്കാരിന് നിരുപാധിക പിന്തുണ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതിന് പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ദൂതനെ എച്ച്.ഡി.ദേവഗൗഡയുടെ അടുത്തേയ്ക്ക് അയച്ചു.

ബിജെപി നേതാവും എംഎല്‍എയുമായ ആര്‍.അശോകിനെയാണ് ദേവഗൗഡയുമായുള്ള ചര്‍ച്ചയ്ക്ക് അമിത് ഷാ നിയോഗിച്ചത്. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ ശ്രമവും സഖ്യനീക്കവുമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, ജെ.പി.നദ്ദ എന്നിവരോട് അടിയന്തരമായി ബംഗളൂരുവില്‍ എത്താന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജെഡിഎസുമായുള്ള തുടര്‍ച്ച ചര്‍ച്ചകള്‍ ലക്ഷ്യമിട്ടാണ് നേതാക്കളെ ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തുന്നത്.

ആദ്യഫല സൂചനകളില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ച ബിജെപി നേതാക്കള്‍ സഖ്യത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു. കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, വോട്ടെണ്ണല്‍ അന്തിമ പാദത്തിലേക്കു കടന്നതോടെ ബിജെപി കേവല ഭൂരിപക്ഷത്തില്‍നിന്ന് അകന്നുപോവുകയായിരുന്നു.

അവസരം മുതലെടുത്ത് സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് ജെഡിഎസിനെ വലയിലാക്കാന്‍ ബിജെപിയും ശ്രമം തുടങ്ങിയത്. കര്‍ണാടകയില്‍ രണ്ടു സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സൂചന.

അതേസമയം, മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശം ഉന്നയിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി പറഞ്ഞു. കുമാരസ്വാമി മുഖ്യമന്ത്രിയാവുമെന്ന് ജെ.ഡി.എസ് വക്താവ് ഡാനിഷ് അലിയും പറഞ്ഞു.

ഇതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതിനെ ചെറുക്കാന്‍ ബി.ജെ.പിയും രംഗത്തുണ്ട്. ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ഇതേസമയം, ഗവര്‍ണറുടെ തീരുമാനമാകും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുക.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യ ത്തില്‍ സാധാരണ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് പതിവ്. ഇവിടെ എന്ത് നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതേക്കുറിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയേക്കുമെന്നും അറിയുന്നു.

കോണ്‍ഗ്രസ് ദള്‍ ധാരണ ഇങ്ങനെയെന്നാണു വിവരം: മുഖ്യമന്ത്രിസ്ഥാനം ദള്‍ സംസ്ഥാനാധ്യക്ഷന്‍ കുമാരസ്വാമിക്ക്. ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന്, 20 മന്ത്രിമാരും. ദളിനു 14 മന്ത്രിമാര്‍. പുറത്തു നിന്നുള്ള പിന്തുണ പോര, സര്‍ക്കാരില്‍ കോണ്‍ഗ്രസ് വേണമെന്നു നിര്‍ദേശിച്ചതു ദേവെഗൗഡ.