പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങൂവെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കര്‍ണാടക ഫലം ചെങ്ങന്നൂരിനെ ബാധിക്കില്ലെന്ന് ചെന്നിത്തല

single-img
15 May 2018

ബിജെപിയുമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രചാരണത്തിനിറങ്ങുകയുള്ളൂ എന്ന് ആവര്‍ത്തിച്ച് തുഷാര്‍ വെള്ളാപ്പള്ളി. വരുംദിവസങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനു സാധ്യതയുണ്ട്. അതിനുശേഷം പ്രചാരണത്തിനിറങ്ങും. നേതൃത്വത്തിനുള്ള അതൃപ്തി അണികള്‍ക്കുമുണ്ടാകും. ഇത് എന്‍ഡിഎയുടെ വോട്ടിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന് കര്‍ണാടകത്തില്‍ നേരിടേണ്ടി വന്ന തോല്‍വി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പഠിക്കുമെന്നും കര്‍ണാടകത്തിലുണ്ടായ വീഴ്ചയെപറ്റി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളം ബിജെപിയേയും സിപിഎമ്മിനേയും തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന കേരള നേതാക്കള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കര്‍ണാടകത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.