തിയേറ്റര്‍ പീഡനം പുറംലോകത്ത് എത്തിക്കാന്‍ ഇടയായത് ധന്യ ആബിദിന്റെയും ശിഹാബിന്റെയും കഠിന പ്രയത്‌നം

single-img
14 May 2018

മലപ്പുറം എടപ്പാളില്‍ സിനിമ തിയേറ്ററില്‍ പത്തു വയസുകാരിക്കു നേരെ നടന്ന പീഡനം ഇപ്പോള്‍ കേരളം മുഴുവന്‍ ചര്‍ച്ചചെയ്യുകയാണ്. തുടക്കത്തില്‍ പോലീസ് ഏറെ അലംഭാവത്തോടെ കൈകാര്യം ചെയ്ത ഈ കേസ് ഇവിടെ വരെ എത്തിച്ചത് രണ്ടു പേരുടെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള ഇടപെടലാണ്.

സ്‌കൂള്‍ കൗണ്‍സിലറായ ധന്യ ആബിദ്, ചൈല്‍ഡ് ലൈന്‍ ജില്ല വൈസ് കോര്‍ഡിനേറ്ററായ ശിഹാബ് എന്നിവരാണ് ആരുമറിയാതെ പോകുമായിരുന്ന പീഡനകഥ ലോകത്തിനു മുമ്പില്‍ എത്തിച്ചത്. ധന്യയുടെ ഒരു സുഹൃത്താണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നും ദൃശ്യങ്ങള്‍ തിയേറ്റര്‍ ഉടമയുടെ പക്കല്‍ ഉണ്ട് എന്നും ഇവരെ വിളിച്ച് അറിയിച്ചത്.

തുടര്‍ന്നു ധന്യ പൊന്നാനിയിലെ ചൈല്‍ഡ് ലൈന്‍ കോഡിനേറ്ററായ ശിഹാബുമായി ബന്ധപ്പെട്ട് ഇരുവരും തിയേറ്ററില്‍ എത്തുകയായിരുന്നു. എന്നാല്‍ ആദ്യം തിയേറ്റര്‍ ഉടമ ദൃശ്യങ്ങള്‍ തരാന്‍ തയാറായില്ല എന്നു ഇവര്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട മുമ്പോട്ട് പോയാല്‍ അതു ബിസിനസിനെ ബാധിക്കുമോ എന്നതായിരുന്നു ഇവരുടെ ആശങ്ക. എന്നാല്‍ അയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ തരുന്നതില്‍ അവര്‍ മടികാണിച്ചില്ല എന്നും കാറിന്റെ നമ്പര്‍ തിയേറ്റില്‍ നിന്നു ലഭിച്ചു എന്നും ധന്യ പറയുന്നു.

കാര്‍ രജിസ്‌ട്രേഷന്‍ തൃത്താല മൊയ്തിന്‍കുട്ടിയുടെ പേരിലാണ്. അവിടെ നിന്നാണ് അന്വേഷണം ആരംഭിച്ചത് എന്നു ഇവര്‍ പറയുന്നു. ആ പേരു ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ ഇവര്‍ക്കു മറ്റു ചില വിവരങ്ങള്‍ ലഭിച്ചു. ഇതോടെയാണ് കുട്ടി ഇയാളുടെ സ്വന്തത്തിലോ ബന്ധത്തിലോ പെട്ട ആരുമല്ല എന്ന് ഇവര്‍ ഉറപ്പിച്ചത്.

ഇതോടെ വീണ്ടും തിയേറ്ററില്‍ എത്തി കുട്ടിയെ രക്ഷിക്കാന്‍ വിഷ്വല്‍സ് അത്യാവശ്യമാണ് എന്ന് ഉടമയേ ബോധ്യപ്പെടുത്തി ദൃശ്യങ്ങള്‍ കോപ്പി ചെയ്തു കൊണ്ടു വരികയായിരുന്നു. തുടര്‍ന്നു ശിഹാബാണ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കിയത്.

പോക്‌സോ കേസ് കൊടുക്കേണ്ട ഫോമില്‍ കുട്ടിയുടെ വിവങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇരയുടെ പേര് എഴുതേണ്ട ഭാഗത്ത് ഇവര്‍ പ്രതിയുടെ പേര് എഴുതി ചേര്‍ത്തു നല്‍കി. മൊയ്ദീന്‍ കുട്ടിയെ കുറിച്ച് കിട്ടാവുന്ന വിവരങ്ങള്‍ എല്ലാം ഇവര്‍ പോലീസിനു കൈമാറി.

എന്നാല്‍ കാര്യമായ ഫലം ഉണ്ടായിരുന്നില്ല. ആഴ്ചകളോളം ശിഹാബും ധന്യയും പോലീസ് നടപടിക്കായി കാത്തിരുന്നു എങ്കിലും ഒരു അനക്കവും ഉണ്ടായില്ല. ഇനി കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്നും വൈകുന്ന ഓരോ നിമിഷവും പെണ്‍കുട്ടിയുടെ ജീവനു തന്നെ ഭീഷണിയാണെന്നും തിരിച്ചറിഞ്ഞ ഇവർ വിഷ്വല്‍സ് പുറത്തുവിടാന്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ നിര്‍ബന്ധിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പിന്നീട് വിഷ്വല്‍സ് ചാനലിലൂടെ പുറത്തുവരുന്നത്.

പ്രതി മൊയ്തീന്‍കുട്ടി തൃത്താലയിലെ പരിചയവൃന്ദത്തില്‍ അറിയപ്പെടുന്നത് ‘സ്വര്‍ണക്കുട്ടി’യെന്ന പേരിലാണ്. ദുബായില്‍ മൂന്നിടത്തായി വെള്ളി ആഭരണശാലകള്‍ മൊയ്തീന്‍കുട്ടിക്കുണ്ട്. കൂടുതല്‍ സമയവും വിദേശത്താണ്. തൃത്താലയിലും ഷൊര്‍ണൂരിലും സ്ഥലവും ക്വാര്‍ട്ടേഴ്‌സുകളുള്‍െപ്പടെ കെട്ടിടങ്ങളുമുണ്ട്.

രാഷ്ട്രീയഭേദമില്ലാതെ നല്ല രീതിയില്‍ സംഭാവനകളും നല്‍കാറുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഭൂമികച്ചവടത്തിലൂടെ ഉണ്ടാക്കിയ രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് ചങ്ങരംകുളം സ്റ്റേഷനില്‍ ഏപ്രില്‍ 26നെത്തിയ പരാതി രണ്ടാഴ്ചയോളം ഒതുക്കിയത്.

ശനിയാഴ്ച ജാമ്യം ലഭിക്കാനുള്ള മാര്‍ഗം തേടിയാണ് മൊയ്തീന്‍കുട്ടി ഷൊര്‍ണൂരിലെത്തിയത്. പോലീസിനുമുന്നിലെത്തി കീഴടങ്ങുന്നതാണ് നല്ലതെന്നായിരുന്നു അഭിഭാഷകന്റെ ഉപദേശം. ഇതിനിടെ മൊയ്തീന്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഷൊര്‍ണൂരിലുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു.

പിന്നീട് അഭിഭാഷകന്റെ നിര്‍ദേശാനുസരണം മൊയ്തീന്‍കുട്ടി പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കാര്‍ പോലീസ് കണ്ടെത്തി. അഡീഷണല്‍ എസ്.ഐ പത്മനാഭന്റെ നേതൃത്വത്തിലാണ് മൊയ്തീന്‍കുട്ടിയെ പിടികൂടിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് പീഡിപ്പിക്കപ്പെട്ട കുട്ടിയും സഹോദരങ്ങളും അമ്മയും താമസിച്ചിരുന്നത്. അച്ഛന്‍ പ്രവാസിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം തിയേറ്റര്‍ പീഡനത്തിലെ മുഖ്യപ്രതി മൊയ്തീന്‍ കുട്ടി നേരത്തെ രണ്ടു തവണ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മയുടെ ഒത്താശയോടെ അവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വച്ചായിരുന്നു പീഡനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഏറ്റവും കൂടുതല്‍ നേരം പീഡിപ്പിച്ചത് തിയേറ്ററില്‍ വെച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നുണ്ട്. സാമ്പത്തിക സ്വാധീനത്തില്‍ അമ്മ, മൊയ്തീന്‍ കുട്ടിയെ തടഞ്ഞില്ല. ദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ആലോചിച്ചെന്നും നാട്ടിലെ കോടിക്കണക്കിന് സ്വത്തുക്കളെ ബാധിക്കുമെന്ന അഭിഭാഷകന്റെ ഉപദേശത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

അബദ്ധം പറ്റി പോയെന്ന് പറഞ്ഞ് മൊയ്തീന്‍ കുട്ടി കുറ്റം സമ്മതിച്ചെന്നും പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മലപ്പുറം എടപ്പാളിലെ തിയേറ്ററില്‍ വച്ച് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച തൃത്താല സ്വദേശി കാങ്കുന്നത്ത് മെയ്തീന്‍കുട്ടിയെ അറസ്റ്റു ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണു കേസെടുത്തത്. പിന്നാലെ പെണ്‍കുട്ടിയുടെ മാതാവിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

അന്വേഷണച്ചുമതലയുള്ള മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ വിശദമായ ചോദ്യംചെയ്യലിനെ തുടര്‍ന്നാണ് മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടി തിയേറ്ററിലെത്തിയ ആഡംബര കാര്‍ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണെന്ന് ഡിവൈഎസ്പി പറഞ്ഞു.

കേസെടുക്കാന്‍ വൈകിയതിന് സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിക്കെതിരെ പോക്‌സോ ചുമത്തണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. പരാതി ലഭിച്ച വിവരം എസ്‌ഐ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകും. പ്രതികളെ പീഡനം നടന്ന തിയേറ്ററില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ഇന്ന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.