മൊയ്തീന്‍കുട്ടിയെ തിയേറ്ററിലേക്ക് വിളിച്ചുവരുത്തിയത് താനാണെന്ന് പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി: പ്രതിക്കെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്തി വീണ്ടും പൊലീസ് ഒത്തുകളി

single-img
14 May 2018

 

എടപ്പാളിലെ തിയേറ്റര്‍ പീഡന കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ മൊഴി പുറത്ത്. മൊയ്തീന്‍കുട്ടിയെ വിളിച്ചുവരുത്തിയത് താനാണെന്ന് യുവതി സമ്മതിച്ചു. കഴിഞ്ഞ മാസം 18 ന് എടപ്പാളില്‍ താനും മകളും ബസ് കാത്തുനില്‍ക്കുന്നതിനിടെ മൊയ്തീന്‍ കുട്ടി കാറില്‍ പോകുന്നത് കണ്ടു.

മൊയ്തീന്‍ കുട്ടിയെ ഫോണില്‍ വിളിച്ച് വരാന്‍ ആവശ്യപ്പെട്ടെന്നും പിന്നീട് ഒരുമിച്ച് സിനിമാ തിയേറ്ററില്‍ പോയെന്നുമാണ് യുവതിയുടെ മൊഴി. മൊയ്തീന്‍കുട്ടിയുമായുള്ള ബന്ധം സമ്മതിച്ച യുവതി മകളെ പീഢിപ്പിക്കുന്നത് അറിഞ്ഞില്ലെന്നാണ് മൊഴി നല്‍കിയത്.

ഒന്നര വര്‍ഷമായി പെണ്‍കുട്ടിയുടെ മാതാവുമായി ബന്ധമുണ്ടെന്ന് മൊയ്തീന്‍ കുട്ടി നല്‍കിയ മൊഴിയിലുണ്ട്. പെണ്‍കുട്ടിയെ പീഢിപ്പിച്ച കാര്യം ഇയാള്‍ സമ്മതിച്ചു. മൊഴികള്‍ സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രമേ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കൂ.

കേസിലെ പ്രധാന തെളിവായ സിസിടിയുടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് ശേഖരിച്ചു. എടപ്പാളിലെ തിയറ്ററിലെത്തിയാണ് ഹാര്‍ഡ് ഡിസ്‌ക് ശേഖരിച്ചത്. അതിനിടെ പ്രതി മൊയ്തീന്‍കുട്ടിക്കെതിരെ നിര്‍ണായക വകുപ്പ് ചേര്‍ത്തില്ലെന്ന് ആക്ഷേപം.

ശിശുക്ഷേമസമിതി നിര്‍ദേശിച്ച വകുപ്പാണ് ചേര്‍ക്കാത്തത്. പോക്‌സോ 5 (എം) വകുപ്പ് ഒഴിവാക്കി, പകരം 9,10,16 വകുപ്പുകള്‍ ചേര്‍ത്തു. ഇത് കേരളം ഏറെ ഉറ്റുനോക്കുന്ന കേസിനെ ദുര്‍ബലമാക്കുമെന്ന് ശിശുക്ഷേമസമിതി പറഞ്ഞു.

ഈ വകുപ്പ് ആവശ്യമുന്നയിച്ച് ശിശുക്ഷേമ സമിതി വീണ്ടും പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേസിന്റെ തുടക്കം മുതല്‍ പൊലീസിന്റെ മെല്ലെപ്പോക്ക് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ദൃശ്യങ്ങള്‍ അടക്കം തെളിവ് കയ്യില്‍ എത്തിയിട്ടും കേസെടുക്കാനും പ്രതികളെ തിരയാനും ശ്രമിക്കാത്ത നിലപാടായിരുന്നു പൊലീസിന്റേത്.

ഇതിന്റെ പേരില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷനും ലഭിച്ചു. കേസില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ വീഴ്ചയും പുറത്തുവരുന്നത്.