ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപിന്റെ വിവാഹം അലങ്കോലമായി

single-img
13 May 2018

ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപിന്റെ വിവാഹച്ചടങ്ങില്‍ അതിഥികള്‍ ഭക്ഷണത്തിനായി തമ്മില്‍ത്തല്ലി. ബിഹാര്‍ വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു ആഡംബര വിവാഹം.

വിവാഹ ചടങ്ങിനു ശേഷം ഭക്ഷണം വിളമ്പിയപ്പോഴാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. മാധ്യമങ്ങള്‍ക്കും വിഐപികള്‍ക്കുമായി പ്രത്യേക പന്തിയിലും മറ്റു സാധാരണക്കാര്‍ക്ക് 200ഓളം വരുന്ന മറ്റു പന്തികളിലുമായിരുന്നു ഭക്ഷണം ക്രമീകരിച്ചിരുന്നത്.

വിഐ.പികള്‍ക്കുള്ള ഭക്ഷണം കൂടുതല്‍ രുചികരമാണെന്ന അഭ്യുഹം പരന്നതിനെ തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങള്‍ വിഐ.പി പവലിയനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജനങ്ങള്‍ വിഐപികള്‍ക്കായി ഒരുക്കിയ ഭക്ഷണവും അലങ്കാര വസ്തുക്കളും മോഷ്ടിച്ചു.

ജനങ്ങള്‍ അക്രമാസക്തരായതോടെ പാര്‍ട്ടിയുടെ ചില നേതാക്കള്‍ വടി വീശി ജനങ്ങളെ പിരിച്ചു വിടാന്‍ ശ്രമിച്ചു. 2000ത്തോളം പ്ലേറ്റുകള്‍ ജനങ്ങള്‍ പൊട്ടിച്ചുവെന്നും നിരവധി പാത്രങ്ങളും മറ്റു ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നും കാറ്ററിങ്ങ് സംഘം ആരോപിച്ചു. 10,000 പേര്‍ക്ക് ഭക്ഷണമൊരുക്കാനാണ് തങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍ 50,000 ത്തോളം പേര്‍ ചടങ്ങളില്‍ പെങ്കടുക്കാനെത്തിയിരുന്നുവെന്നു കാറ്ററിങ്ങ് സംഘം പറഞ്ഞു.

നിരവധി മാധ്യമസംഘങ്ങള്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. പലരുടെയും കാമറകളും മറ്റും നശിപ്പിക്കപ്പെട്ടു. അതിനിടെ ചടങ്ങിന് പെങ്കടുത്ത് മടങ്ങുകയായിരുന്ന എസ്.യു.വി മറ്റൊരു വാഹനത്തിലിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.