എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി സിദ്ധരാമയ്യ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ടു ദിവസത്തേക്കുള്ള വെറും ‘വിനോദം’ മാത്രം

single-img
13 May 2018

കര്‍ണാടകയില്‍ ശനിയാഴ്ച വോട്ടെടുപ്പു തീര്‍ന്നതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ത്രിശങ്കു സഭയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ടു ദിവസത്തേക്കുള്ള വെറും ‘വിനോദം’ മാത്രമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചു.

ഇതേക്കുറിച്ച് ആശങ്കപ്പെടാതെ അവധി ദിനം ആഘോഷിക്കാനും അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. നീന്തലറിയാത്ത ആള്‍ പുഴ മുറിച്ചു കടക്കാന്‍ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നതിനു സമാനമാണ് എക്‌സിറ്റ് പോളുകളെന്നും സിദ്ധരാമയ്യ പരിഹസിച്ചു.

പ്രധാന സര്‍വേകളില്‍ ആറെണ്ണം ബിജെപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനുമാണ് മുന്‍തൂക്കം നല്‍കുന്നത്. അതില്‍ തന്നെ, ബിജെപിക്കു രണ്ടിലും കോണ്‍ഗ്രസിന് ഒന്നിലും മാത്രമാണു കേവല ഭൂരിപക്ഷം പ്രവചിക്കുന്നത്. ഇരുകക്ഷികള്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്നും 21-43 സീറ്റുകള്‍ നേടുമെന്നു കരുതുന്ന ജനതാദളി(എസ്)ന്റെ നിലപാട് നിര്‍ണായകമാകുമെന്നാണു വിലയിരുത്തല്‍.

നേരത്തെ അഭിപ്രായ സര്‍വേകളും ഇതേ സാധ്യതയാണു പങ്കുവച്ചത്. ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍. വരാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകുമെന്നു വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി– 70 %. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിങ് 1978 ലായിരുന്നു– 71.9 %; കഴിഞ്ഞ തവണ 71.4 %. മറ്റൊരിക്കലും പോളിങ് 70 % കടന്നിട്ടില്ല. 224 അംഗ നിയമസഭയില്‍ 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്; രണ്ടു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.